Saturday, September 19, 2009

സൃഷ്ടി

വൈകീട്ട് ഓഫീസില്‍ നിന്നും തിരിച്ചെത്തി, ഞാന്‍ വസ്ത്രം മാറുന്ന ചെറിയ ഇടവേളകളില്‍ ഗ്രീഷ്മയുമായി സല്ലപിക്കാറുണ്ട്. ഈ സമയം അവള്‍ റേഡിയോ കേള്‍ക്കുകയോ അല്ലെങ്കില്‍ കളിച്ച്കൊണ്ടിരിക്കുകയോ ആയിരിക്കും. വാക്കുകള്‍ ആണ് അവളുടെ കളിപ്പാട്ടങ്ങള്‍. അന്നത്തെ ദിവസം അവള്‍ കേട്ട, അവള്‍ക്കിഷ്ടപ്പെട്ട ഏതെങ്കിലും വാക്കുകളുപയോഗിച്ചാണ് വിനോദം. ഇത്തരം വാക്കുകളുടെ അര്‍ഥം അവള്‍ക്ക് അറിയില്ല എങ്കിലും, അവള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ ആ വാക്ക് വാക്യത്തില്‍ പ്രയോഗിക്കുകയും ആ വാക്കുപയോഗിച്ച് നിര്‍മിച്ച വാചകത്തിന്റെ ഭംഗി സ്വയം ആസ്വദിച്ച് പൊട്ടിച്ചിരിക്കുകയും ചെയ്യും.

ഇന്നലെ വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ അവള്‍ ചോദിച്ചു: “അച്ചനെ ദ്രിഷ്ടിച്ചതാരാ?“
എനിക്കൊന്നും പിടി കിട്ടിയില്ല. അവള്‍ “ദ്രിഷ്ടി“ എന്ന് ഉദ്ദേശിച്ചതെന്താണെന്ന് എനിക്ക് മനസ്സിലായില്ല.
അതിനാല്‍ ഞാന്‍ തിരിച്ച് അവളോട് തന്നെ ചോദിച്ചു:
“ഗ്രീഷ്മയെ ദ്രിഷ്ടിച്ചതാരാ?”
“എന്നെ ദ്രിഷ്ടിച്ചത് ദൈവോണച്ചാ, ദൈവം”
കാര്യം മനസ്സിലായപ്പോള്‍ അവളുദ്ദേശിച്ച ഉത്തരം ഞാന്‍ കൊടുത്തു.
“എന്നെ സൃഷ്ടിച്ചതും ദൈവം”

പിന്നെ കുറെ സമയത്തേക്ക് അവള്‍ “ദ്രിഷ്ടി“ എല്ലാവരിലും പ്രയോഗിച്ചു. അവളുടെ അമ്മച്ചിയെ, അനൂപ് ചേട്ടനെ, കര്‍മയെ, സോമയെ ......എല്ലാവരെയും “ദ്രിഷ്ടിച്ചത്“ ദൈവം തന്നെ!

അവള്‍ക്കറിയാവുന്ന എല്ലാവരെയും ദ്രിഷ്ടിച്ച് കഴിഞ്ഞപ്പോളാണ് അവള് ഈ ചോദ്യം എന്നോട് ചോദിച്ചത്:
“അഛാ ദൈവത്തെ ദ്രിഷ്ടിച്ചതാരാ?”

ഞാന്‍ മിണ്ടാതിരുന്നപ്പോള്‍ അവള്‍ വീണ്ടും ചോദിച്ചു: “ആരാ?”
ഞാനും ചോദിച്ചു: “ ആരാ??”

Friday, August 14, 2009

ഡോക്ടര്‍മാരും ഗ്രീഷ്മയും -1

ഗ്രീഷ്മയ്ക്ക് ആറു വയസ്സുപ്രായം. അന്നു ഒരു ആഗസ്റ്റ് 15 ആയിരുന്നു. തലേന്ന് രാത്രി മുഴുവന്‍ , വേദന കൊണ്ടവള്‍ ചെവി പൊത്തിപ്പിടിച്ച് കരയുകയായിരുന്നു.(ചെറിയ വേദന ഉണ്ടായാല്‍ അവള്‍ ചിരിക്കുകയേ ഉള്ളു). ചെവിയിലേക്ക് ടോര്‍ച്ച് അടിച്ച് നോക്കിയപ്പോള്‍ ചെവി പഴുത്ത് പൊട്ടി ഒലിക്കാന്‍ തുടങ്ങുന്നതാണ് കണ്ടത്.
ഒരു വിധം നേരം വെളുപ്പിച്ചു; നൂറ് മീറ്റര്‍ അകലെ ഒരു വീട്ടില്‍ ENT ഡോക്ടര്‍ , ഇ എസ് ഐ ഹോസ്പിറ്റല്‍ ഏലൂര്‍ ‍, എന്ന ബോര്‍ഡ് വച്ചിരിക്കുന്നത് കണ്ട ഓര്‍മയില്‍ ഞാന്‍ ആ വീട്ടിലേക്ക് ചെന്നു. അവിടെ ചെന്ന് കാളിങ്ങ് ബെല്ലമര്‍ത്തി. ആരും പ്രതികരിക്കുന്നില്ല എന്ന് കണ്ട് തിരിച്ചു പോരാന്‍ തുടങ്ങുമ്പോള്‍ വാതില്‍ തുറന്ന ശബ്ദം കേട്ടു. നോക്കുമ്പോള്‍ ഒരു യുവതി. “എന്താ കാര്യം?” അവര്‍ ചോദിച്ചു.

ഞാന്‍ : “ഡോക്ടര്‍ ‍, എന്റെ കുട്ടിക്ക് വല്ലാത്ത ചെവി വേദന. അവളെ ഇവിടെ കൊണ്ടുവന്നാല്‍ പരിശോധിക്കാമോ?“

“ഏയ് ഇപ്പോ സധ്യമല്ല, ഞാന്‍ ഹോസ്പിറ്റലില്‍ പോകാന്‍ തുടങ്ങുകയാ. ആശുപത്രിയിലേക്ക് വാ“
ഞാന്‍ : “എന്റെ മോള്‍ ഒരു ബുദ്ധിമാന്ദ്യമുള്ള കുട്ടിയാ. അവള്‍ വേദന കൊണ്ട് പുളയുകയാണ്. അവളെ ആശുപത്രിയില്‍ എത്തിക്കാന്‍ വിഷമമുള്ളത് കൊണ്ടാണ്. ഒരഞ്ച് മിനുട്ട് സമയം മതിയല്ലോ ഒന്ന് പരിശോധിക്കാമോ?”

ലേഡി ഡൊക്ടര്‍ക്കതിഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു. “എനിക്ക് കൃത്യസമയത്തിന് ഹോസ്പിറ്റലില്‍ എത്തണം. ഇപ്പോള്‍ സമയമില്ല.” എന്നു പറഞ്ഞ് അവര്‍ വാതില്‍ കൊട്ടി അടച്ചു.

നല്ലവരായ ആര്‍ക്കും ആ ഡോക്ടറുടെ കൃത്യനിഷ്ഠയില്‍ സന്തോഷം തോന്നേണ്ടതാണ്. എന്നാല്‍ എന്റെ സ്വാര്‍ഥത കൊണ്ടാവാം, തിരിച്ചു നടക്കുമ്പോള്‍ എനിക്ക് കരച്ചില്‍ വന്നത്.

Saturday, August 8, 2009

ഗ്രീഷ്മയുടെ സായന്തനങ്ങള്‍

ഗ്രീഷ്മയുടെ ജീവിതം തുടക്കം മുതല്‍ തന്നെ ശബ്ദ സാന്ദ്രമായിരുന്നു. അവളെ “പാട്ടിലാക്കാന്‍ “ വാര്‍ത്തകള്‍, സംഭാഷണം, ഉപകരണ സംഗീതം, പാട്ടുകള്‍, കവിതകള്‍ തുടങ്ങിയവ എല്ലാം ഞങ്ങള്‍ ഉപയോഗിച്ചു. കവിതകള്‍ ആയിരുന്നു അവള്‍ക്കേറ്റവും ഇഷ്ടം. ആദ്യകാലങ്ങളില്‍ കാസറ്റുകള്‍ പ്ലേ ചെയ്ത് കേള്‍പ്പിച്ചു.

അവള്‍ക്കിഷ്ടപ്പെട്ടതെല്ലാം വീണ്ടും വീണ്ടും പ്ലേ ചെയ്യേണ്ടിവന്നതു കൊണ്ട് കാസറ്റുകളുടെ ആയുസ്സ് കുറവായിരുന്നു. സി ഡി യുടെയും എം പി ത്രീ യുടെയും വരവോടെ സംഗതി എളുപ്പമായി. ഒരു സി ഡി യില്‍ തന്നെ നൂറിലധികം പാട്ടുകള്‍ ശേഖരിച്ച് വയ്ക്കാം. ആദ്യമാദ്യം ഈ ശേഖരത്തില്‍ നിന്നും അവള്‍ക്കാവശ്യപ്പെട്ട ഗാനങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രയാസമായിരുന്നു. എന്നാല്‍ പാട്ടുകള്‍ക്ക് ക്രമ നമ്പര്‍ ഇടുകയും ആ ക്രമ നമ്പര്‍ അവള്‍ ഓര്‍ത്തിരിക്കുകയും ചെയ്തപ്പോള്‍ സംഗതികല്‍ എളുപ്പമായി. “ അച്ഛാ, ആ പന്ത്രണ്ടാമത്തെ പാട്ടൊന്നു വച്ചു താ” എന്നു പറഞ്ഞാല്‍ അത് ചെയ്യാന്‍ വളരെ എളുപ്പം ആണല്ലോ.

സ്വകാര്യ എഫ് എം റേഡിയോകള്‍ നിലവില്‍ വരികയും, ഗ്രീഷ്മയുടെ വിജ്ഞാന ചക്രവാളം വികസിക്കുകയും ചെയ്തതോടെ, വാര്‍ത്തകളും, അഭിമുഖങ്ങളും, മറ്റും അവള്‍ കേള്‍ക്കാന്‍ തുടങ്ങി.
"അഛാ ആ നയന്റി വണ്‍ പോയിന്റ് നയന്‍ ", "അല്ല്ലെങ്കില്‍ വണ്‍നോട് ടു പോയിന്റ് ത്രീ" വച്ചു താ എന്നൊക്കെ യാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. എല്ലാ ആര്‍ ജേ മാരേയും അവള്‍ക്കറിയാം.

ഗ്രീഷ്മയുടെ ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാം ആണ് ജോയ് ആലുക്കാസിന്റെ "ഹലോ ജോയ് ആലുക്കാസും", ജോയ് ആലുക്കാസ് "സായന്തനവും". വൈകീട്ട് 5 മണിക്കാണ് സായന്തനം ആരംഭിക്കുന്നത്. ശ്രോതാക്കാളുടെ കത്തുകള്‍ വായിച്ച് അഭിപ്രായം പറയുന്ന രീതിയാണ് സായന്തനത്തില്‍ അവലംബിക്കുന്നത്. കൊച്ചി എഫ് എം ല്‍ ഈ പരിപാടി ആരംഭിച്ചതു (3 വര്‍ഷങ്ങള്‍ക്ക് മുന്നെ) മുതല്‍ സ്ഥിരം ശ്രോതാവാണവള്‍. അവളുടെ ഭാവനയില്‍ വിരിയുന്ന കത്തുകള്‍ സായന്തനത്തിലേക്ക് സ്വയം വായിക്കാന്‍ ശ്രമിച്ചത് മനസ്സിലാക്കിയപ്പോള്‍ അവള്‍ക്ക് വേണ്ടി ഞാന്‍ സായന്തനത്തിലേക്ക് കത്തുകള്‍ എഴുതാന്‍ തുടങ്ങി. അതവള്‍ റേഡിയോവിലൂടേ കേള്‍ക്കുമ്പോള്‍ അനുഭവിക്കുന്ന സന്തോഷവും ആവേശവും ഒന്ന് കാണേണ്ടതു തന്നെ യാണ്. അത്തരം ഒരു പ്രോഗ്രാമിന്റെ ശബ്ദ രേഖ ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഈ പരിപാടി അവതരിപ്പിക്കുന്നത് സലിന്‍ മാങ്കുഴി (നോട്ടം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത്) യും ചലച്ചിത്ര പിന്നണി ഗായിക ആശാലതയുമാണ്. ഈ പ്രോഗ്രാമിന്റെ ജീവ നാഡിയും, ശ്രോതാക്കളുടെ ആരാധനാപാത്രവുമായ ആശാലതയുടെ അവതരണരീതി അതീവ ഹൃദ്യമാണ്. ജോയ് ആലുക്കാസിന്റെ ഈ പ്രോഗ്രാം വലിയ ഒരു ഹിറ്റ് ആണ്. ജോയ് ആലുക്കാസിന്റെ ഈ പ്രോഗ്രാം ഇന്റര്‍നെറ്റിലൂടെയും കേള്‍ക്കാന്‍ കഴിയും. ഇപ്പോള്‍ തിരുവനന്തപുരത്തുനിന്നും അനന്തപുരി എഫ് എമ്മി ലും ഈ പ്രോഗ്രാം ഉണ്ട്.
ഇനി കേള്‍ക്കൂ:
മുകളിലെ പ്ലേയര്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് പലരും കമന്റ് ചെയ്തു.
ഈ ഫയല്‍ ഡൌണ്‍ ലോഡ് ചെയ്ത് കേള്‍ക്കാന്‍ കഴിയും. http://sites.google.com/site/manithundiyil/home/grisma/Greeshmassyanthanam.mp3

Sunday, August 2, 2009

ഗ്രീഷ്മയുടെ ആദ്യത്തെ ബ്ലോഗ്ഗ് മീറ്റ്- എന്റെയും

പ്രിയപ്പെട്ട ബ്ലോഗര്‍മാര്‍ക്ക്,

ഞാന്‍ ഗ്രീഷ്മയുടെ അച്ഛന്‍. സുനില്‍ കൃഷ്ണന്റെ പോസ്റ്റും അതിനുള്ള ബ്ലോഗ്

വായനക്കാരുടെ മറുപടിയുമാണ് ഇത്തരം ഒരു പോസ്റ്റ് എഴുതാന്‍ കാരണം.
ഗ്രീഷ്മയെ അവതരിപ്പിച്ചുകൊണ്ടാണ് ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയത്
സുനില്‍ ആ പോസ്റ്റ് ഇട്ടതിലൂടെ എന്റെ അനോണിമിറ്റി ഇല്ലാതായെങ്കിലും, ഞാന്‍ സുനില്‍ കൃഷ്ണനു നന്ദി പറയുന്നു. ഞങ്ങളെ പോലുള്ള മാതാപിതാക്കളോട് കാണിക്കുന്ന കനിവിനൊരുദാഹരണണ് ആ പോസ്റ്റും തുടര്‍ന്നുള്ള മറുപടികളും.
സുനില്‍ കൃഷ്ണന്‍, താങ്കള്‍ക്ക് മാത്രമേ മനസ്സിലുള്‍കൊണ്ടുകൊണ്ട് ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ കഴിയൂ എന്ന് എന്നെ ഫോണില്‍ വിളിച്ചപ്പോള്‍ തന്നെ എനിക്കു മനസ്സിലായിരുന്നു. ഒരിക്കല്‍ കൂടി നന്ദി.
ഞാന്‍ മലയാളം ബ്ലോഗുമായി പരിചയപ്പെട്ടിട്ട് മൂന്ന് വര്‍ഷങ്ങള്‍ (ഇതിന് ഞാന്‍ നന്ദി പറയേണ്ടത് എന്റെ സുഹൃത്ത് വിശ്വപ്രഭയോടാണ്) ആയെങ്കിലും, ബ്ലോഗിലുള്ള മിക്കവരെയും എനിക്കു പരിചയമില്ല. സമയം കിട്ടുമ്പോഴൊക്കെ പലരുടെയും ബ്ലോഗുകള്‍ വായിക്കാറുണ്ട്. വായനയ്ക്കിടയില്‍ താല്പര്യം തോന്നുന്ന പോസ്റ്റുകള്‍ എഴുതുന്ന ബ്ലോഗര്‍മാരെ പരിചയപ്പെടാന്‍ ആഗ്രഹിക്കാറുമുണ്ട്. എന്നാല്‍ ബ്ലോഗുമായി ബന്ധപ്പെട്ടു നടക്കുന്ന പലതും ഞാന്‍ അറിയാറില്ല. പക്ഷേ ചെറായി ബ്ലോഗ് മീറ്റിനെ പറ്റി ബ്ലോഗില്‍ പലതവണ പോസ്റ്റുകള്‍ കണ്ടപ്പോള്‍ വായിക്കാനും, അറിഞ്ഞപ്പോള്‍ പങ്കെടുക്കാനും ആഗ്രഹം തോന്നി. വൈപ്പിന്‍ കരയും, ചെറായിയും ഒക്കെ എന്റെ കാല്പാദങ്ങള്‍ പതിഞ്ഞ സ്വന്തം നാട് ആണല്ലോ.

ഞാന്‍ ഷീലയോട് മടിച്ചുകൊണ്ടാണ് എന്റെ ആഗ്രഹം അറിയിച്ചത്. മോളെ വീട്ടിന് പുറത്തേക്ക് കോണ്ട് പോവാന്‍ എടുക്കേണ്ട മുന്‍ കരുതലുകള്‍ വളരെ ഏറെ ആണ്. അതിലുള്ള ബുദ്ധിമുട്ടുകള്‍ മുഴുവനും സഹിക്കേണ്ടത് അവളുടെ അമ്മയും. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഷീല സമ്മതം മൂളി.

“എനിക്ക് ബിന്ദുവിനെ പരിചയപ്പെടണം. നമ്മുടെ കൈപ്പള്ളി വരുമോ?“
“കൈപ്പള്ളി വരുമോ എന്നറിയില്ല. ആരൊക്കെ വരുമെന്നൊന്നുമെനിക്കറിയില്ല. വിശ്വവും വരില്ല എന്നു തോന്നുന്നു“
“തീവ്രവാദി ആക്രമണത്തിന് സാദ്ധ്യത ഉണ്ടെന്ന് കേട്ടല്ലോ?എല്ലാവരേയും തട്ടിക്കളഞ്ഞാലോ“
”എങ്കില്‍ എത്ര നന്നായി. നമുക്കാണെങ്കില്‍, ജീവിക്കുന്നതിലും എളുപ്പമല്ലേ അത് അവസാനിപ്പിക്കുന്നത്. മോളെ ഉപേക്ഷിച്ച് പോവാന്‍ വയ്യ എന്നല്ലേ ഉള്ളു..“
ഇനിയും തുടര്‍ന്നാല്‍ സെന്റിയാവും എന്നതിനാല്‍ അവിടെ നിര്‍ത്തി. ഏതായാലും മീറ്റിന് പോയാല്‍ കൂടുതല്‍ സമയം അവിടെ ചെലവഴിക്കാന്‍ പ്രയാസമായതുകൊണ്ട് ഉച്ചയ്ക്ക് ഭക്ഷണത്തിനു ശേഷം മടങ്ങണമെന്നും തീരുമാനമായി.

പുറപ്പെടുന്നതിന്റെ തലേ ദിവസം ഗ്രീഷ്മയോട് ചെറായില്‍ പോവുന്ന വിവരം പറഞ്ഞു, പുറത്ത് പൊവുന്നത് അവള്‍ക്ക് വളരെ സന്തോഷം ഉള്ള കാര്യമാണ്; പ്രത്യേകിച്ചും അവള്‍ക്കിഷ്ടപ്പെട്ട “ഫൂശന്‍ ‍“ കാറില്‍! അവളുടെ പുതിയ വീല്‍ ചെയര്‍ ഉത്ഘാടനം ചെയ്യാന്‍ ഒരു അവസരവുമായി. (അവളുടെ സന്തത സഹചാരിയായ കര്‍മ എന്ന വീല്‍ ചെയറിന്റെ അനുജത്തിയാണ് “സോമ“ എന്റെ ഒരു വിദ്യാര്‍ഥിയായിരുന്ന രാമകൃഷ്ണന്‍ സിംഗപ്പൂരില്‍ നിന്നും കൊണ്ടുവന്ന് തന്നതാണ് സോമയെ. പണം കൊടുത്തിട്ട് ആ അരുമ ശിഷ്യന്‍ വാങ്ങിയില്ല.) ചെറായിയില്‍ ചെന്നാ‍ല്‍ ബ്ലോഗര്‍ മാരെ പരിചയപ്പെടാമെന്നും,പരിചയപ്പെട്ടുമ്പോള്‍, ഹലോ ബ്ലോഗര്‍ അങ്കിള്‍, ഹേലോ ബ്ലൊഗര്‍ ചേട്ടാ എന്നൊക്കെ പറയണമെന്നും അവളെ പറഞ്ഞു മനസ്സിലാക്കി.

ഞങ്ങള്‍ കളമശ്ശേരിയില്‍ നിന്നും പുറപ്പെട്ടപ്പോള്‍ 9.45 ആയി. അമരാവതി റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ സമയം 10.40. കാറില്‍ നിന്നും അവളെ എടുത്ത് ഷീല വീല്‍ ചെയറില്‍ ഇരുത്തി വേദിയിലെത്തിയപ്പോള്‍ നല്ല ചക്കപ്പഴത്തിന്റെയും ചക്ക അടയുടെയും മണം! എന്നാല്‍ അത്ഭുതം, അവയൊന്നും അവിടെ കാണാന്‍ കഴിഞ്ഞില്ല!

അവിടെ ആദ്യമായി എന്നെ പരിചയപ്പെട്ടത് മണികണ്ഠന്‍ ആയിരുന്നു.
ഷീല, ഗ്രീഷ്മ മോളെയും കൊണ്ട് മുന്‍ നിരയില്‍ തന്നെ സ്ഥാനം പിടിച്ചു. ലതിച്ചേച്ചി (എന്നെക്കാള്‍ പ്രായം കുറവാണെങ്കിലും, ഒരു ചേച്ചിയുടെ സ്നേഹം എല്ലാവര്‍ക്കും പകര്‍ന്ന് തന്നതുകൊണ്ട് ചേച്ചിയെന്നല്ലാതെ വിളിക്കുന്നതെങ്ങനെ‍?) ഗ്രീഷ്മയെ നന്നായി പരിപാലിച്ചുകൊണ്ട് അവളുടെ അടുത്ത് തന്നെ ഇരുന്നു.

ബ്ലോഗര്‍ മാര്‍ ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തുമ്പോള്‍ അവള്‍ അതെല്ലാം നന്നായി ആസ്വദിച്ചു. പുതിയ വാക്കുകള്‍ കേള്‍ക്കുന്നത് അവള്‍ക്ക് വലിയ സന്തോഷമാണ്. അവള്‍ നന്നായി പ്രതികരിക്കുകയും, കേട്ട വാക്കുകള്‍ പല തരത്തില്‍ മാറ്റിയും മറിച്ചും ഉപയോഗിക്കുകയും ചെയ്യും.
ഒരു സാമ്പിള്‍:
“ങേ, എന്താ.. പൊങ്ങും മൂടനോ, എന്റീശ്വരാ...അങ്ങനൊരു പേര് ഞാനിതുവരെ കേട്ടിട്ടില്ലല്ലോ?....“
“ ങഹാ, വാഴക്കോടന്‍, നല്ല പേര്, എനിക്കിഷ്ടായി.....”
“ ഷിജു വോ? ഷിജൂ, ഷിജിക്കുട്ടാ...ഷിജു വാവേ...”
ഐഷ എന്ന കൊച്ചുകുട്ടി പാടിയ കോതമ്പു മണികള്‍ അവളെ ആവേശഭരിതയാക്കി. (ഓ എന്‍ വി യുടെ കവിതകള്‍ പ്രത്യേകിച്ചൂം, “കോതമ്പു മണികളും “ഭൂമിക്കൊരു ചരമ ഗീത“വുമൊക്കെ അവള്‍ക്ക് ഇഷ്ടവും മനഃപ്പാഠവുമാണ്‍’.) ഒ എന്‍ വി യെ അവള്‍ “ഒ എന്‍ വി അപ്പൂപ്പന്‍“ എന്നാണ് വിളിക്കുന്നത്
പരിചയപ്പെടാന്‍ ആഗ്രഹമുണ്ടായിരുന്നവരില്‍ കുറച്ച് പേരെ (അനില്‍, അങ്കിള്‍, കേരളാ ഫാര്‍മര്‍, ചിത്രകാരന്‍, തറവാടി, വല്യമ്മായി, ബിന്ദു, നിരക്ഷരന്‍, ലതി, നാസ് തുടങ്ങിയവരെ) പരിചയപ്പെട്ടു.
പിന്നെ സജീവിന്റെ മുന്നില്‍ ക്യൂ വില്‍ നിന്നു, കാരിക്കേച്ചര്‍ വരച്ചു കിട്ടാന്‍. സജ്ജീവാകട്ടെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞങ്ങളെ മൂവരേയും ഒരുമിച്ച് വരച്ചു.
ഇതിനിടെ തേജസ്സ് കൃഷ്ണ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു, തേജസ്സിനോട് കുറെ നേരം സംസാരിച്ചു.
അപ്പോഴേക്കും ഭക്ഷണത്തിനു സമയമായി എന്ന അറിയിപ്പ് കിട്ടി. തെരക്കു കൂടുന്നതിനുമുന്‍പ് ഗ്രീഷ്മയ്ക്കും നമുക്കും ഭക്ഷണം കഴിക്കാമെന്ന് കരുതി ഞങ്ങള്‍ ഡൈനിങ്ങ് ഹാളില്‍ കയറി. വിഭവ സമൃദ്ധമായ ഭക്ഷണം, കൂടെ സുഭാഷ് ചേട്ടന്റെയും ലതി ച്ചേച്ചിയുടെയും കരുതലും സ്നേഹവും.

വണ്ടിയില്‍ കയറാന്‍ തുടങ്ങുമ്പോള്‍, ഒരാള്‍ ഓടി വന്ന് പരിചയപ്പെട്ടു, എഴുത്തുകാരി. എഴുത്ത് കാരിയോട് സംസാരിച്ചതിനുശേഷം കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മടക്ക യാത്ര തുടങ്ങുമ്പോള്‍ ഷീല ചോദിച്ചു. “ നേരത്തെ മടങ്ങുന്നതില്‍ വിഷമം ഉണ്ടല്ലേ?”
“ശരിയാണെന്ന അര്‍ഥത്തില്‍ ഞാന്‍ തലകുലുക്കി. കാറിന്റെ കുലുക്കത്തില്‍ അതവള്‍ മനസ്സിലാക്കിയോ എന്തോ?

************************************************************************
ബ്ലോഗ്ഗ് മീറ്റിന്റെ പിറ്റേന്ന് സുനില്‍ എന്നെ ഫോണില്‍ വിളിച്ച് എന്നെ പറ്റിയും ഗ്രീഷ്മയെ പറ്റിയും ഒരു പോസ്റ്റ് ഇടുന്നതില്‍ വിരോധം ഉണ്ടോ എന്ന് അന്വേഷിച്ചു. ഞാന്‍ സമ്മതം മൂളുകയും ചെയ്തു. പിന്നീട് ഹരീഷും അനിലും എന്നെ വിളിച്ച് സംസാരിച്ചു.
എന്നെ പറ്റിയും മോളെ പറ്റിയും ഉള്ള സുനില്‍ കൃഷ്ണന്റെ പോസ്റ്റുകള്‍ എന്നെ വല്ലാതെ വികാരാ‍ാധീനനാക്കി. എന്നൊ വരണ്ടുണങ്ങി, കുഴിയിലേക്കാണ്ടു പോയിരുന്ന എന്റെ കണ്ണുകള്‍ സജലങ്ങളായി; ഫ്രന്‍ഡ് സ് എന്ന സിനിമയിലെ ക്ലൈമാക്സ് പോലെ. ഈ കുറിപ്പെഴുതുംപോഴും ആ നനവ് അനുഭവപ്പെടുന്നു.

എന്നാല്‍ ബ്ലോഗര്‍ മാര്‍ പ്രകടിപ്പിച്ച ഈ സ്നേഹത്തിന്റെയും അനുഭാവത്തിന്റെയും യധാര്‍ഥ അവകാശി ഗ്രീഷ്മയുടെ അമ്മ യാണ്.

സുനിലിന്റെ പോസ്റ്റില്‍ പ്രതികരണം എഴുതിയ:
മാണിക്യം, സ്പെഷല്‍ എഡ്യൂക്കേഷന്‍ ട്യൂട്ടറായ താങ്കളെ കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ട്. മിത്രം എന്ന ഒരു പേരില്‍ ഒരു സ്പെഷല്‍ സ്ക്കൂള്‍ ഉണ്ട്.

(www.mithram.org) സന്ദര്‍ശിക്കുമല്ലോ.

വിശ്വപ്രഭ, ബ്ലോഗിലെ എന്റെ ഗുരുവാണ് താങ്കള്‍ എനിക്കിനിയും പലതും താങ്കളില്‍ നിന്നും അറിയേണ്ടതുണ്ട്. ആത്മകഥയെ പറ്റി പറഞ്ഞല്ലോ.

ആറാം ക്ലാസു മുതല്‍ എഴുതിത്തുടങ്ങിയ ഡയറിക്കുറിപ്പുകള്‍ ഞാന്‍ തന്നെ വെണ്ണിറാക്കി, ഗ്രീഷ്മ ജനിച്ചതിനു ശേഷം. പിന്നീട് ഡയറി എഴുതിയിട്ടേ ഇല്ല.വിശ്വം ആവശ്യപ്പെട്ടതുപോലെ ഒരു ടെക്നിക്കല്‍ ബ്ലോഗ്ഗ് തുടങ്ങാനായില്ലല്ലോ എന്ന കുറ്റ ബോധം ഇപ്പോഴും ഉണ്ട്.

മണികണ്ഠന്, ‍ നന്ദി, എന്റെ വീട് നായരമ്പലത്താണ്.

കൈതമുള്ള്, സ്നേഹം തോന്നുന്നവര്‍ക്കൊക്കെ ഉമ്മകള്‍ കൊടുക്കാന്‍ അവള്‍ക്ക് ഇഷ്ടമാണ്. ഉന്തിനില്‍ക്കുന്ന അവളുടെ പല്ലുകള്‍ മുഖത്തമര്‍ത്തി തരുന്ന ഉമ്മകള്‍ക്ക് വേദനകലര്‍ന്ന മധുരമാണ്.

പാമരന്, ‍: വിരോധമില്ല എങ്കില്‍ എന്റെ ഇ മെയിലില്‍ ബന്ധപ്പെടുമോ?

കാര്‍ട്ടൂണിസ്റ്റ്, വരച്ചുതന്ന കാരിക്കേച്ചറിനു നന്ദി. ഞാനതെന്റെ പ്രൊഫൈല്‍ ഫൊട്ടോ ആയി ഇട്ടിട്ടുണ്ട്.

INDIABLOOMING, ഒരിക്കല്‍, മിത്രം സ്ക്കൂളിന്റെ വാര്‍ഷികത്തിന് പ്രശസ്തനായ ഒരു വൈദ്യ ശിരോമണിയെ ഞങ്ങള്‍ക്ക് മുഖ്യാതിഥി ആയി കിട്ടി. മനുഷ്യ ഹൃദയങ്ങളുടെയും, കരളിന്റെയും സംരക്ഷകനാണദ്ദേഹം. അദ്ദേഹം തന്റെ പ്രസംഗത്തില്‍ “പോരായ്മകളുള്ള കുട്ടികള്‍ മാതാപിതാക്കളുടെ പാ‍പമാണ്‍് ...” എന്ന ചിലരുടെ കാഴ്ച്ചപ്പാടിനെ നിശിതമായി വിമര്‍ശിച്ചു സംസാരിച്ചു. ആ കാഴ്ച്ചപ്പാട് ശരിയല്ല എന്നദ്ദേഹം സമര്‍ഥിച്ചതു കേട്ടപ്പോള്‍ എനിക്കദ്ദേഹത്തോടുണ്ടായിരുന്ന ബഹുമാനം കൂടി. ചടങ്ങ് കഴിഞ്ഞ് മിത്രം കോമ്പ്ലക്സ് സന്ദര്‍ശിക്കുന്ന വേളയില്‍ അദ്ദേഹം പ്രസംഗിച്ചതിനെ ഞാന്‍ പുകഴ്ത്തി പ്പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഒരു രഹസ്യം പോലെ എന്നോട് പറയുകയാണ്‍ “അതേയ്, ഈ കുട്ടികള്‍ ഇങ്ങനെ ആയിപ്പോയത് നിങ്ങള്‍ മാതാപിതാക്കളുടെ കുറ്റമല്ല, നേരെ മറിച്ച്, ഈ കുട്ടികളുടെ മുത്തഛന്മാരുടെയോ മുത്തശ്ശി മാരുടെയോ മുജ്ജന്മ പാപം കൊണ്ടാണ്” എന്ന്.!!

കമന്റുകള്‍ ഇട്ട എല്ലാവര്‍ക്കും നന്ദി. ഗ്രീഷ്മയുടെ വിശേഷങ്ങള്‍ അറിയാന്‍ ഈ ബ്ലോഗ് വീണ്ടും സന്ദര്‍ശിക്കണമെന്ന് അപേക്ഷിക്കുന്നു.

ചെറായി മീറ്റില്‍ പങ്കേടുക്കാന്‍ സാധിച്ചത് മലയാളഭാഷയെയും മലയാള നാടിനേയും സ്നേഹിക്കുന്ന ബ്ലോഗ് സമൂഹം മൂലമാണ്. ഭാഷയെ സമ്പുഷ്ടമാക്കാനും സൌഹൃദം വളര്‍ത്താനും ബ്ലോഗുകള്‍ സഹായകമാവട്ടെ.

സ്നേഹ പൂര്‍വം
ഗ്രീഷ്മയുടെ അഛന്‍