ജാലകം

Sunday, August 2, 2009

ഗ്രീഷ്മയുടെ ആദ്യത്തെ ബ്ലോഗ്ഗ് മീറ്റ്- എന്റെയും

പ്രിയപ്പെട്ട ബ്ലോഗര്‍മാര്‍ക്ക്,

ഞാന്‍ ഗ്രീഷ്മയുടെ അച്ഛന്‍. സുനില്‍ കൃഷ്ണന്റെ പോസ്റ്റും അതിനുള്ള ബ്ലോഗ്

വായനക്കാരുടെ മറുപടിയുമാണ് ഇത്തരം ഒരു പോസ്റ്റ് എഴുതാന്‍ കാരണം.
ഗ്രീഷ്മയെ അവതരിപ്പിച്ചുകൊണ്ടാണ് ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയത്
സുനില്‍ ആ പോസ്റ്റ് ഇട്ടതിലൂടെ എന്റെ അനോണിമിറ്റി ഇല്ലാതായെങ്കിലും, ഞാന്‍ സുനില്‍ കൃഷ്ണനു നന്ദി പറയുന്നു. ഞങ്ങളെ പോലുള്ള മാതാപിതാക്കളോട് കാണിക്കുന്ന കനിവിനൊരുദാഹരണണ് ആ പോസ്റ്റും തുടര്‍ന്നുള്ള മറുപടികളും.
സുനില്‍ കൃഷ്ണന്‍, താങ്കള്‍ക്ക് മാത്രമേ മനസ്സിലുള്‍കൊണ്ടുകൊണ്ട് ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ കഴിയൂ എന്ന് എന്നെ ഫോണില്‍ വിളിച്ചപ്പോള്‍ തന്നെ എനിക്കു മനസ്സിലായിരുന്നു. ഒരിക്കല്‍ കൂടി നന്ദി.
ഞാന്‍ മലയാളം ബ്ലോഗുമായി പരിചയപ്പെട്ടിട്ട് മൂന്ന് വര്‍ഷങ്ങള്‍ (ഇതിന് ഞാന്‍ നന്ദി പറയേണ്ടത് എന്റെ സുഹൃത്ത് വിശ്വപ്രഭയോടാണ്) ആയെങ്കിലും, ബ്ലോഗിലുള്ള മിക്കവരെയും എനിക്കു പരിചയമില്ല. സമയം കിട്ടുമ്പോഴൊക്കെ പലരുടെയും ബ്ലോഗുകള്‍ വായിക്കാറുണ്ട്. വായനയ്ക്കിടയില്‍ താല്പര്യം തോന്നുന്ന പോസ്റ്റുകള്‍ എഴുതുന്ന ബ്ലോഗര്‍മാരെ പരിചയപ്പെടാന്‍ ആഗ്രഹിക്കാറുമുണ്ട്. എന്നാല്‍ ബ്ലോഗുമായി ബന്ധപ്പെട്ടു നടക്കുന്ന പലതും ഞാന്‍ അറിയാറില്ല. പക്ഷേ ചെറായി ബ്ലോഗ് മീറ്റിനെ പറ്റി ബ്ലോഗില്‍ പലതവണ പോസ്റ്റുകള്‍ കണ്ടപ്പോള്‍ വായിക്കാനും, അറിഞ്ഞപ്പോള്‍ പങ്കെടുക്കാനും ആഗ്രഹം തോന്നി. വൈപ്പിന്‍ കരയും, ചെറായിയും ഒക്കെ എന്റെ കാല്പാദങ്ങള്‍ പതിഞ്ഞ സ്വന്തം നാട് ആണല്ലോ.

ഞാന്‍ ഷീലയോട് മടിച്ചുകൊണ്ടാണ് എന്റെ ആഗ്രഹം അറിയിച്ചത്. മോളെ വീട്ടിന് പുറത്തേക്ക് കോണ്ട് പോവാന്‍ എടുക്കേണ്ട മുന്‍ കരുതലുകള്‍ വളരെ ഏറെ ആണ്. അതിലുള്ള ബുദ്ധിമുട്ടുകള്‍ മുഴുവനും സഹിക്കേണ്ടത് അവളുടെ അമ്മയും. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഷീല സമ്മതം മൂളി.

“എനിക്ക് ബിന്ദുവിനെ പരിചയപ്പെടണം. നമ്മുടെ കൈപ്പള്ളി വരുമോ?“
“കൈപ്പള്ളി വരുമോ എന്നറിയില്ല. ആരൊക്കെ വരുമെന്നൊന്നുമെനിക്കറിയില്ല. വിശ്വവും വരില്ല എന്നു തോന്നുന്നു“
“തീവ്രവാദി ആക്രമണത്തിന് സാദ്ധ്യത ഉണ്ടെന്ന് കേട്ടല്ലോ?എല്ലാവരേയും തട്ടിക്കളഞ്ഞാലോ“
”എങ്കില്‍ എത്ര നന്നായി. നമുക്കാണെങ്കില്‍, ജീവിക്കുന്നതിലും എളുപ്പമല്ലേ അത് അവസാനിപ്പിക്കുന്നത്. മോളെ ഉപേക്ഷിച്ച് പോവാന്‍ വയ്യ എന്നല്ലേ ഉള്ളു..“
ഇനിയും തുടര്‍ന്നാല്‍ സെന്റിയാവും എന്നതിനാല്‍ അവിടെ നിര്‍ത്തി. ഏതായാലും മീറ്റിന് പോയാല്‍ കൂടുതല്‍ സമയം അവിടെ ചെലവഴിക്കാന്‍ പ്രയാസമായതുകൊണ്ട് ഉച്ചയ്ക്ക് ഭക്ഷണത്തിനു ശേഷം മടങ്ങണമെന്നും തീരുമാനമായി.

പുറപ്പെടുന്നതിന്റെ തലേ ദിവസം ഗ്രീഷ്മയോട് ചെറായില്‍ പോവുന്ന വിവരം പറഞ്ഞു, പുറത്ത് പൊവുന്നത് അവള്‍ക്ക് വളരെ സന്തോഷം ഉള്ള കാര്യമാണ്; പ്രത്യേകിച്ചും അവള്‍ക്കിഷ്ടപ്പെട്ട “ഫൂശന്‍ ‍“ കാറില്‍! അവളുടെ പുതിയ വീല്‍ ചെയര്‍ ഉത്ഘാടനം ചെയ്യാന്‍ ഒരു അവസരവുമായി. (അവളുടെ സന്തത സഹചാരിയായ കര്‍മ എന്ന വീല്‍ ചെയറിന്റെ അനുജത്തിയാണ് “സോമ“ എന്റെ ഒരു വിദ്യാര്‍ഥിയായിരുന്ന രാമകൃഷ്ണന്‍ സിംഗപ്പൂരില്‍ നിന്നും കൊണ്ടുവന്ന് തന്നതാണ് സോമയെ. പണം കൊടുത്തിട്ട് ആ അരുമ ശിഷ്യന്‍ വാങ്ങിയില്ല.) ചെറായിയില്‍ ചെന്നാ‍ല്‍ ബ്ലോഗര്‍ മാരെ പരിചയപ്പെടാമെന്നും,പരിചയപ്പെട്ടുമ്പോള്‍, ഹലോ ബ്ലോഗര്‍ അങ്കിള്‍, ഹേലോ ബ്ലൊഗര്‍ ചേട്ടാ എന്നൊക്കെ പറയണമെന്നും അവളെ പറഞ്ഞു മനസ്സിലാക്കി.

ഞങ്ങള്‍ കളമശ്ശേരിയില്‍ നിന്നും പുറപ്പെട്ടപ്പോള്‍ 9.45 ആയി. അമരാവതി റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ സമയം 10.40. കാറില്‍ നിന്നും അവളെ എടുത്ത് ഷീല വീല്‍ ചെയറില്‍ ഇരുത്തി വേദിയിലെത്തിയപ്പോള്‍ നല്ല ചക്കപ്പഴത്തിന്റെയും ചക്ക അടയുടെയും മണം! എന്നാല്‍ അത്ഭുതം, അവയൊന്നും അവിടെ കാണാന്‍ കഴിഞ്ഞില്ല!

അവിടെ ആദ്യമായി എന്നെ പരിചയപ്പെട്ടത് മണികണ്ഠന്‍ ആയിരുന്നു.
ഷീല, ഗ്രീഷ്മ മോളെയും കൊണ്ട് മുന്‍ നിരയില്‍ തന്നെ സ്ഥാനം പിടിച്ചു. ലതിച്ചേച്ചി (എന്നെക്കാള്‍ പ്രായം കുറവാണെങ്കിലും, ഒരു ചേച്ചിയുടെ സ്നേഹം എല്ലാവര്‍ക്കും പകര്‍ന്ന് തന്നതുകൊണ്ട് ചേച്ചിയെന്നല്ലാതെ വിളിക്കുന്നതെങ്ങനെ‍?) ഗ്രീഷ്മയെ നന്നായി പരിപാലിച്ചുകൊണ്ട് അവളുടെ അടുത്ത് തന്നെ ഇരുന്നു.

ബ്ലോഗര്‍ മാര്‍ ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തുമ്പോള്‍ അവള്‍ അതെല്ലാം നന്നായി ആസ്വദിച്ചു. പുതിയ വാക്കുകള്‍ കേള്‍ക്കുന്നത് അവള്‍ക്ക് വലിയ സന്തോഷമാണ്. അവള്‍ നന്നായി പ്രതികരിക്കുകയും, കേട്ട വാക്കുകള്‍ പല തരത്തില്‍ മാറ്റിയും മറിച്ചും ഉപയോഗിക്കുകയും ചെയ്യും.
ഒരു സാമ്പിള്‍:
“ങേ, എന്താ.. പൊങ്ങും മൂടനോ, എന്റീശ്വരാ...അങ്ങനൊരു പേര് ഞാനിതുവരെ കേട്ടിട്ടില്ലല്ലോ?....“
“ ങഹാ, വാഴക്കോടന്‍, നല്ല പേര്, എനിക്കിഷ്ടായി.....”
“ ഷിജു വോ? ഷിജൂ, ഷിജിക്കുട്ടാ...ഷിജു വാവേ...”
ഐഷ എന്ന കൊച്ചുകുട്ടി പാടിയ കോതമ്പു മണികള്‍ അവളെ ആവേശഭരിതയാക്കി. (ഓ എന്‍ വി യുടെ കവിതകള്‍ പ്രത്യേകിച്ചൂം, “കോതമ്പു മണികളും “ഭൂമിക്കൊരു ചരമ ഗീത“വുമൊക്കെ അവള്‍ക്ക് ഇഷ്ടവും മനഃപ്പാഠവുമാണ്‍’.) ഒ എന്‍ വി യെ അവള്‍ “ഒ എന്‍ വി അപ്പൂപ്പന്‍“ എന്നാണ് വിളിക്കുന്നത്
പരിചയപ്പെടാന്‍ ആഗ്രഹമുണ്ടായിരുന്നവരില്‍ കുറച്ച് പേരെ (അനില്‍, അങ്കിള്‍, കേരളാ ഫാര്‍മര്‍, ചിത്രകാരന്‍, തറവാടി, വല്യമ്മായി, ബിന്ദു, നിരക്ഷരന്‍, ലതി, നാസ് തുടങ്ങിയവരെ) പരിചയപ്പെട്ടു.
പിന്നെ സജീവിന്റെ മുന്നില്‍ ക്യൂ വില്‍ നിന്നു, കാരിക്കേച്ചര്‍ വരച്ചു കിട്ടാന്‍. സജ്ജീവാകട്ടെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞങ്ങളെ മൂവരേയും ഒരുമിച്ച് വരച്ചു.
ഇതിനിടെ തേജസ്സ് കൃഷ്ണ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു, തേജസ്സിനോട് കുറെ നേരം സംസാരിച്ചു.
അപ്പോഴേക്കും ഭക്ഷണത്തിനു സമയമായി എന്ന അറിയിപ്പ് കിട്ടി. തെരക്കു കൂടുന്നതിനുമുന്‍പ് ഗ്രീഷ്മയ്ക്കും നമുക്കും ഭക്ഷണം കഴിക്കാമെന്ന് കരുതി ഞങ്ങള്‍ ഡൈനിങ്ങ് ഹാളില്‍ കയറി. വിഭവ സമൃദ്ധമായ ഭക്ഷണം, കൂടെ സുഭാഷ് ചേട്ടന്റെയും ലതി ച്ചേച്ചിയുടെയും കരുതലും സ്നേഹവും.

വണ്ടിയില്‍ കയറാന്‍ തുടങ്ങുമ്പോള്‍, ഒരാള്‍ ഓടി വന്ന് പരിചയപ്പെട്ടു, എഴുത്തുകാരി. എഴുത്ത് കാരിയോട് സംസാരിച്ചതിനുശേഷം കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മടക്ക യാത്ര തുടങ്ങുമ്പോള്‍ ഷീല ചോദിച്ചു. “ നേരത്തെ മടങ്ങുന്നതില്‍ വിഷമം ഉണ്ടല്ലേ?”
“ശരിയാണെന്ന അര്‍ഥത്തില്‍ ഞാന്‍ തലകുലുക്കി. കാറിന്റെ കുലുക്കത്തില്‍ അതവള്‍ മനസ്സിലാക്കിയോ എന്തോ?

************************************************************************
ബ്ലോഗ്ഗ് മീറ്റിന്റെ പിറ്റേന്ന് സുനില്‍ എന്നെ ഫോണില്‍ വിളിച്ച് എന്നെ പറ്റിയും ഗ്രീഷ്മയെ പറ്റിയും ഒരു പോസ്റ്റ് ഇടുന്നതില്‍ വിരോധം ഉണ്ടോ എന്ന് അന്വേഷിച്ചു. ഞാന്‍ സമ്മതം മൂളുകയും ചെയ്തു. പിന്നീട് ഹരീഷും അനിലും എന്നെ വിളിച്ച് സംസാരിച്ചു.
എന്നെ പറ്റിയും മോളെ പറ്റിയും ഉള്ള സുനില്‍ കൃഷ്ണന്റെ പോസ്റ്റുകള്‍ എന്നെ വല്ലാതെ വികാരാ‍ാധീനനാക്കി. എന്നൊ വരണ്ടുണങ്ങി, കുഴിയിലേക്കാണ്ടു പോയിരുന്ന എന്റെ കണ്ണുകള്‍ സജലങ്ങളായി; ഫ്രന്‍ഡ് സ് എന്ന സിനിമയിലെ ക്ലൈമാക്സ് പോലെ. ഈ കുറിപ്പെഴുതുംപോഴും ആ നനവ് അനുഭവപ്പെടുന്നു.

എന്നാല്‍ ബ്ലോഗര്‍ മാര്‍ പ്രകടിപ്പിച്ച ഈ സ്നേഹത്തിന്റെയും അനുഭാവത്തിന്റെയും യധാര്‍ഥ അവകാശി ഗ്രീഷ്മയുടെ അമ്മ യാണ്.

സുനിലിന്റെ പോസ്റ്റില്‍ പ്രതികരണം എഴുതിയ:
മാണിക്യം, സ്പെഷല്‍ എഡ്യൂക്കേഷന്‍ ട്യൂട്ടറായ താങ്കളെ കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ട്. മിത്രം എന്ന ഒരു പേരില്‍ ഒരു സ്പെഷല്‍ സ്ക്കൂള്‍ ഉണ്ട്.

(www.mithram.org) സന്ദര്‍ശിക്കുമല്ലോ.

വിശ്വപ്രഭ, ബ്ലോഗിലെ എന്റെ ഗുരുവാണ് താങ്കള്‍ എനിക്കിനിയും പലതും താങ്കളില്‍ നിന്നും അറിയേണ്ടതുണ്ട്. ആത്മകഥയെ പറ്റി പറഞ്ഞല്ലോ.

ആറാം ക്ലാസു മുതല്‍ എഴുതിത്തുടങ്ങിയ ഡയറിക്കുറിപ്പുകള്‍ ഞാന്‍ തന്നെ വെണ്ണിറാക്കി, ഗ്രീഷ്മ ജനിച്ചതിനു ശേഷം. പിന്നീട് ഡയറി എഴുതിയിട്ടേ ഇല്ല.വിശ്വം ആവശ്യപ്പെട്ടതുപോലെ ഒരു ടെക്നിക്കല്‍ ബ്ലോഗ്ഗ് തുടങ്ങാനായില്ലല്ലോ എന്ന കുറ്റ ബോധം ഇപ്പോഴും ഉണ്ട്.

മണികണ്ഠന്, ‍ നന്ദി, എന്റെ വീട് നായരമ്പലത്താണ്.

കൈതമുള്ള്, സ്നേഹം തോന്നുന്നവര്‍ക്കൊക്കെ ഉമ്മകള്‍ കൊടുക്കാന്‍ അവള്‍ക്ക് ഇഷ്ടമാണ്. ഉന്തിനില്‍ക്കുന്ന അവളുടെ പല്ലുകള്‍ മുഖത്തമര്‍ത്തി തരുന്ന ഉമ്മകള്‍ക്ക് വേദനകലര്‍ന്ന മധുരമാണ്.

പാമരന്, ‍: വിരോധമില്ല എങ്കില്‍ എന്റെ ഇ മെയിലില്‍ ബന്ധപ്പെടുമോ?

കാര്‍ട്ടൂണിസ്റ്റ്, വരച്ചുതന്ന കാരിക്കേച്ചറിനു നന്ദി. ഞാനതെന്റെ പ്രൊഫൈല്‍ ഫൊട്ടോ ആയി ഇട്ടിട്ടുണ്ട്.

INDIABLOOMING, ഒരിക്കല്‍, മിത്രം സ്ക്കൂളിന്റെ വാര്‍ഷികത്തിന് പ്രശസ്തനായ ഒരു വൈദ്യ ശിരോമണിയെ ഞങ്ങള്‍ക്ക് മുഖ്യാതിഥി ആയി കിട്ടി. മനുഷ്യ ഹൃദയങ്ങളുടെയും, കരളിന്റെയും സംരക്ഷകനാണദ്ദേഹം. അദ്ദേഹം തന്റെ പ്രസംഗത്തില്‍ “പോരായ്മകളുള്ള കുട്ടികള്‍ മാതാപിതാക്കളുടെ പാ‍പമാണ്‍് ...” എന്ന ചിലരുടെ കാഴ്ച്ചപ്പാടിനെ നിശിതമായി വിമര്‍ശിച്ചു സംസാരിച്ചു. ആ കാഴ്ച്ചപ്പാട് ശരിയല്ല എന്നദ്ദേഹം സമര്‍ഥിച്ചതു കേട്ടപ്പോള്‍ എനിക്കദ്ദേഹത്തോടുണ്ടായിരുന്ന ബഹുമാനം കൂടി. ചടങ്ങ് കഴിഞ്ഞ് മിത്രം കോമ്പ്ലക്സ് സന്ദര്‍ശിക്കുന്ന വേളയില്‍ അദ്ദേഹം പ്രസംഗിച്ചതിനെ ഞാന്‍ പുകഴ്ത്തി പ്പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഒരു രഹസ്യം പോലെ എന്നോട് പറയുകയാണ്‍ “അതേയ്, ഈ കുട്ടികള്‍ ഇങ്ങനെ ആയിപ്പോയത് നിങ്ങള്‍ മാതാപിതാക്കളുടെ കുറ്റമല്ല, നേരെ മറിച്ച്, ഈ കുട്ടികളുടെ മുത്തഛന്മാരുടെയോ മുത്തശ്ശി മാരുടെയോ മുജ്ജന്മ പാപം കൊണ്ടാണ്” എന്ന്.!!

കമന്റുകള്‍ ഇട്ട എല്ലാവര്‍ക്കും നന്ദി. ഗ്രീഷ്മയുടെ വിശേഷങ്ങള്‍ അറിയാന്‍ ഈ ബ്ലോഗ് വീണ്ടും സന്ദര്‍ശിക്കണമെന്ന് അപേക്ഷിക്കുന്നു.

ചെറായി മീറ്റില്‍ പങ്കേടുക്കാന്‍ സാധിച്ചത് മലയാളഭാഷയെയും മലയാള നാടിനേയും സ്നേഹിക്കുന്ന ബ്ലോഗ് സമൂഹം മൂലമാണ്. ഭാഷയെ സമ്പുഷ്ടമാക്കാനും സൌഹൃദം വളര്‍ത്താനും ബ്ലോഗുകള്‍ സഹായകമാവട്ടെ.

സ്നേഹ പൂര്‍വം
ഗ്രീഷ്മയുടെ അഛന്‍

28 comments:

  1. മണിസാറിനെയും കുടുംബത്തെയും നേരിട്ട് പരിചയപ്പെടാന്‍ ഭാഗ്യം ലഭിച്ചില്ല എങ്കിലും പോസ്റ്റുകളിലൂടെ അറിയാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷം തോന്നുന്നു . എന്നെങ്കിലും നേരില്‍ കാണാം എന്ന പ്രതീക്ഷയോടെ .

    സ്നേഹപൂര്‍വ്വം
    കാപ്പിലാന്‍

    ReplyDelete
  2. മണിസര്‍
    ചെറായി മീറ്റ് നടക്കുന്ന ദിവസം ഞാന്‍ പലതവണ
    അവിടെ വിളിച്ചിരുന്നു കൂട്ടത്തില്‍ സുനിലിനേയും.
    സുനില്‍ തിരികെ എത്തിയപ്പോള്‍ ഞാന്‍ സുനിലിനെ വിളിചു ആല്‍ത്തറയിലേക്ക് ഒരു പോസ്റ്റ് വേണം എന്നറിയിച്ചപ്പോള്‍
    സുനില്‍ ആദ്യം പറഞ്ഞത് മണിസാറിനെ പറ്റിയാണു
    എനിക്ക് ഏറ്റവും മനസ്സിലാകും ...

    എന്റെ പോസ്റ്റുകള്‍ സമയം പോലെ വായിക്കു
    അതു ബാക്കി തുടരാന്‍ ശ്രമിക്കുന്നു

    ഒരു വഴിത്തിരിവ്’.............
    http://maaanikyamisin.blogspot.com/2009_03_01_archive.html
    ഏറ്റവും നല്ല വെള്ളിയാഴ്ചകള്‍‌! .......
    http://maaanikyamisin.blogspot.com/2009/03/blog-post_11.html

    ReplyDelete
  3. മണിസാർ,
    ഈ പോസ്റ്റ് ഞാൻ പലവട്ടം വായിച്ചു.എന്തൊരു ശക്തിയാണു താങ്കളുടെ ഭാഷയ്ക് ! സാർ ഒരു ഇലക്ടോണിക്സ് വിദഗ്ദ്ധൻ മാത്രമല്ല നല്ല്ല ഒരു എഴുത്തുകാരനും കൂടിയാണെന്ന് ഒന്നുകൂടി തെളിയിക്കുന്ന രചനാ വൈഭവം.പറയേണ്ടത് മാത്രം പറഞ്ഞ് അമിത വിശദീകരണമില്ലാത്ത അതീവ ഹൃദ്യമായ ഓർമ്മക്കുറിപ്പാണിത്.

    മീറ്റിന്റെ അന്നു ഞാൻ കുറെ നേരം ചേച്ചിയോടും പിന്നെ മോളോടും സംസാരിച്ചിരുന്നു.അപ്പോൾ സാർ തൊട്ടടുത്ത് നിന്നു മറ്റാരോടോ സംസാരിയ്ക്കുകയായിരുന്നതിനാൽ ശ്രദ്ധിച്ചിരുന്നില്ല.ഇത്തരം ഒരു ബ്ലോഗ് മീറ്റിൽ പങ്കെടുക്കാൻ സാർ കാണിച്ച ഉത്സാഹം തന്നെ ഓരോരുത്തർക്കും മാതൃകയാണ്.സ്വന്തം വിഷമതകളെപ്പോലും എങ്ങനെ സന്തോഷഭരിതമാക്കാം എന്നതിനു ഉദാഹരണമാണ് സാറിന്റെ ആ പ്രവൃത്തി.അത് സത്യത്തിൽ മീറ്റിനു വരുന്നതിനു മുൻ‌പ് തന്നെ എന്നെ ആകർഷിച്ചിരുന്നു.മീറ്റിൽ നിന്നു തിരിച്ചു പോരുമ്പോളും അതുകൊണ്ടു തന്നെ മനസ്സിൽ നിറഞ്ഞു നിന്നത് നിങ്ങളായിരുന്നു.ഇത്രത്തോളം ഇല്ലെങ്കിലും, എന്റെ ചെറിയ മോളും ഇത്തരം ചില അവസ്ഥകളിൽ ആയതു കൊണ്ട് നിങ്ങളുടെ വിഷമതകൾ എനിക്കു പെട്ടെന്നു മനസ്സിലാവുകയും ചെയ്തു.

    സാറിനെ പരിചയപ്പെടാനും,സംസാരിയ്കാനും കഴിഞ്ഞത് ഒരു മഹാ ഭാഗ്യമായി ഞാൻ കരുതുന്നു.എഴുതാൻ അനുവാദം തന്ന ആ നല്ല മനസ്സിനോട് ഞാനെന്നും കൃതാർത്ഥനാണ്.

    ഒരിയ്ക്കൽ കൂടി നന്ദി..ആശംസകൾ..ഗ്രീഷ്മ മോളെ എന്റെ സ്നേഹം അറിയിക്കുക!

    ReplyDelete
  4. പ്രിയ മണിസാര്‍,
    വിശദമായി പരിചയപ്പെടാന്‍ സമയം കിട്ടിയില്ല.
    ഇനി ചേര്‍ത്തല വഴി വരുമ്പോള്‍ വിളിക്കാം.

    ReplyDelete
  5. തണുത്തുറയുന്ന ജീവിതത്തിന്റെ വ്യർത്ഥതാബോധം മുഴുവൻ അലിയിച്ചുകളഞ്ഞുകൊണ്ടു് പുതിയ ഗ്രീഷ്മസൂര്യൻ ഉദിച്ചുയരും അപ്രതീക്ഷിതമായ ചില നിമിഷങ്ങളിൽ.
    വരണ്ടുണങ്ങി മുന്നിൽ നീണ്ടുകിടക്കുന്ന നൈരന്തര്യങ്ങൾക്കിടയ്ക്കു് ഒരു പച്ചപ്പുതെളിയും ചില തിരിവുകളിൽ.

    ഈ പോസ്റ്റ് കാണുമ്പോൾ എന്തോ, തിരിച്ചറിയാനാവാഞ്ഞ, പറഞ്ഞറിയിക്കാനാവാത്ത, സാർത്ഥകതയുടെ ഒരു കുളിരു പായുന്നു എന്റെ ഹൃദയത്തിലൂടെ...

    ഗ്രീഷ്മയുടെ അച്ഛനെ ബ്ലോഗിലേക്കു വിളിക്കുമ്പോൾ ഒരു വിഷയമെന്ന നിലയ്ക്കു് ഗ്രീഷ്മയെന്ന നിഷ്ക്കളങ്കബാല്യത്തേക്കാൾ ഞാൻ ശ്രദ്ധിച്ചിരുന്നിരിക്കുക മണിയെന്ന അദ്ധ്യാപകന്റെ ബ്ലോഗുസാദ്ധ്യതകളെപ്പറ്റിയായിരുന്നു. കരിപ്പാറ സുനിലിനെപ്പോലെ പ്രാക്ടിക്കലായും ഷിജു അലെക്സിനെപ്പോലെ ആധികാരികമായും ജോസഫ് അംബൂരിയെപ്പോലെ ജിജ്ഞാസാത്മകമായും പ്രാണിലോകം സീയെസ്സിനെപ്പോലെ ലളിതമായും എന്റെ നാട്ടുകാർക്കുവേണ്ടി അവരുടെ സ്വന്തം ഭാഷയിൽത്തന്നെ എഴുതുവാൻ എന്റെ ഈ പഴയ ‘ITI’ മാഷ്ക്ക് പറ്റുമല്ലോ എന്നു ഞാൻ ഓർത്തുകൊണ്ടിരുന്നു.

    ഒരു പക്ഷേ അതിലും പ്രധാനം വേറൊന്നായിരുന്നു: ആർക്കും വേണ്ടാത്ത ഒരു അകത്തളം ഭാഷ മാത്രമായി മാറിയിട്ടില്ല മലയാളം ഇനിയും. പ്രത്യുത, കമ്പ്യൂട്ടർ / എലൿട്രോണിൿ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികൾക്കു് പ്രൊജക്റ്റ്‌ വിഷയങ്ങൾ തെരഞ്ഞെടുക്കുമ്പോൾ പരിഗണിക്കാൻ പറ്റിയ, ബൃഹത്തായ സാമ്പത്തിക സാമൂഹ്യപ്രാധാന്യമുള്ള ഒരു സാദ്ധ്യത കൂടിയാണു് നമ്മുടെ അമ്മഭാഷ. ഒട്ടും പൊടിപ്പും തൊങ്ങലുമില്ലാതെത്തന്നെ തന്റെ എളിയ ഗ്രാമതീരങ്ങളിൽനിന്നു് സ്വയം പടർന്നുകയറി, ഇന്നു് മേലേ മാനത്തിന്റെ തുഞ്ചത്തുതന്നെ അറിവിന്റെ മുന്തിരിത്തോപ്പുകൾ വിരിയിച്ചുകൊണ്ടിരിക്കുന്ന പ്രൊഫസർ മണിയ്ക്കല്ലാതെ ആർക്കുപറ്റും അമ്മമലയാളത്തിനുവേണ്ടി ഒരു പന്തം തെളിയിച്ചു നാടുനീളെ വീശി നടക്കാൻ?

    മൂന്നുവർഷം മുൻപ് കൊളുത്തിവെച്ചുപോന്ന ഒരു തിരി ഇന്ന് പത്തും നൂറും പന്തങ്ങളായി അവിടെ ക്യാമ്പസുകളിൽ പടരുന്നുണ്ടെന്നു് അറിയുമ്പോൾ ചെറുതല്ലാത്ത ഒരു നിർവൃതിയുണ്ടെനിക്കു്. :)

    ഇനിയും പ്രതീക്ഷയുണ്ട്, ഒരു നാൾ വരും:
    ഓരോ നാട്ടിൻപുറത്തിനും സ്വന്തമായി ഒരു കാറ്റാടിയന്ത്രം, ഒരു സൌരോർജ്ജവൈദ്യുതികേന്ദ്രം, ഒരു റീസൈക്കിൾ സെന്റർ, നിറയെ മലയാളത്തിൽ അച്ചടിച്ചുവരുന്ന ഒരു പലചരക്കുകട രശീതി, ഇടവഴികൾക്കുമുകളിൽ പോലും ബാക്കിവരുന്ന സൂര്യപ്രകാശം കൂടി ഊറ്റിയെടുത്ത് പടർന്നുപന്തലിക്കുന്ന ജനകീയപച്ചക്കറിത്തോട്ടങ്ങൾ! കൊച്ചുകൊച്ചുസ്ക്രീനുകളിൽ മലയാളം വാക്കുകളിൽ വിരലൊന്നുമുട്ടിയാൽ പൊട്ടിവിരിയുന്ന ഗാനങ്ങൾ....
    സമൃദ്ധമായിരുന്ന നാട്ടിൻപുറത്തിന്റെ നന്മ മുഴുവൻ തിരിച്ചുവന്നു് നഗരങ്ങളുടെ പ്ലാസ്റ്റിൿ മിനുപ്പുകളെ മുഴുവൻ ലജ്ജിപ്പിക്കുന്ന ഒരു നാൾ.
    തികച്ചും പരിഹാസ്യമെന്നോണം അപ്രായോഗികമായി ഇന്നുതോന്നിയേക്കാവുന്ന ഒരു നാൾ!

    ടെൿനോളജിയുടെ പുതിയൊരു ഗാന്ധിയൻ പതിപ്പു്.

    ആ നാൾ അണിയിച്ചൊരുക്കുവാൻ, ആ വിപ്ലവത്തിനു് അണികളെ നയിക്കാൻ, അതിനുവേണ്ടിയാണു മലയാളം ബ്ലോഗുകൾ ജീവിക്കേണ്ടതു്. അതിനു പട നയിക്കാൻ ഒരാൾക്കു മുന്നിൽ നടക്കാൻ പറ്റും - നാടിന്റെ ചൂരും ചുവയും അറിഞ്ഞ മണി എന്ന അദ്ധ്യാപകനു്.

    ഗ്രീഷ്മയെക്കുറിച്ച് ഇനിയും ഒന്നും പറയാനാവുന്നില്ല. കൂർത്ത മുള്ളുകൾക്കിടയിലൂടെ തലനീട്ടുന്ന പനിനീർപ്പൂക്കളെപ്പോലെ അവളുടേയും മിത്രങ്ങളുടേയും പഞ്ചാര ഉമ്മകൾ നമുക്കിടയിലേക്കിറങ്ങിവന്നോട്ടെ എന്നും.
    ആ പൂക്കൾക്കു് ഇടറിനോവാതിരിക്കാൻ, ‍അവ വാടിയുണങ്ങാതിരിക്കാൻ നമുക്കവരുടെ വഴിയൊരുക്കിക്കൊണ്ടേയിരിക്കാം.
    പേരറിയാത്ത ആ കിടാങ്ങളൊക്കെയും വഴിയിലൊന്നും ഉതിർന്നുപോവാതെ കോതമ്പിൻ‌കതിരുകളായി നമുക്കു താലം പിടിച്ചോട്ടെ.
    ഇനിയും മരിക്കാതെ, ഭൂമി അമൃതമായി ശാന്തമായി അനുസ്യൂതമായി അതിന്റെ ഒഴുക്കുതുടർന്നോട്ടെ.

    ReplyDelete
  6. മണി സാര്‍,
    ജീവിക്കുന്നതിലും എളുപ്പമല്ലേ അത് അവസാനിപ്പിക്കുന്നത്....
    ഇങ്ങനെ ഒരിക്കലും ചിന്തിക്കരുത്. ഓരോരുത്തരുടെ ജീവിതത്തിനും ഓരോരോ ധര്‍മ്മവും കര്‍മ്മവും ഒക്കെയുണ്ട്. അങ്ങയുടെ ജീവിതം ധന്യമായി ഗ്രീഷ്മ മോളെ ഇങ്ങനെ പരിചരിക്കുക വഴി. സമാനദു:ഖിതര്‍ക്ക് അങ്ങ് ഒരു മാതൃകയുമായി. ഗ്രീഷ്മമോള്‍ക്കും ഷീലയ്ക്കും സ്നേഹോഷ്മളമായ ആശംസകള്‍.

    ReplyDelete
  7. മാഷേ

    വിശദമായി പരിചയപ്പെടാന്‍ അന്നു കഴിഞ്ഞില്ല.
    എനിക്കറിയാം, അന്ന് ഏറ്റവും സന്തോഷിച്ചത് ഗ്രീഷ്മ ആണെന്ന്. അവളുടെ അടുത്തിരുന്നിരുന്ന ഞാന്‍, ആ സന്തോഷം നേരിട്ടറിഞ്ഞതാണ്. ഓരോരുത്തര്‍ സ്വയം പരിചയപ്പെടുത്തുമ്പോഴും അതിനെല്ലാം ഒരു കമെന്റ് ഗ്രീഷ്മക്കുണ്ടായിരുന്നു.

    എന്റെ കയ്യില്‍ നിന്നു ചോക്കളേറ്റ് ബാര്‍ കൈനീട്ടി വാങ്ങി താങ്ക്യു പറയുന്ന അവളുടെ മുഖം മനസ്സില്‍ മായാതെ ഉണ്ട്.
    അവളേയും കൊണ്ട് മീറ്റിനു വരാന്‍ തോന്നിയ ആ മനസ്സിന് മുന്നില്‍ ഒന്നു വണങ്ങട്ടെ ഞാന്‍.
    മാഷിനും ഷീലക്കും ഗ്രീഷ്മക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ.
    ഒരിക്കല്‍ വീണ്ടും നേറ്രില്‍ കാണാമെന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete
  8. കാപ്പിലാന്‍,
    കമന്റിനു നന്ദി. താങ്കളെ ഞാന്‍ ചെറായിയില്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ദൌര്‍ഭാഗ്യവശാലുണ്ടായ ചില്‍ ആശയക്കുഴപ്പങ്ങളാല്‍ താങ്കള്‍ പങ്കെടുത്തില്ല എന്നു മനസ്സിലായി. എന്നെങ്കിലും തമ്മില്‍ കാണാന്‍ കഴിയും എന്ന് തന്നെ കരുതുന്നു.
    മാണിക്യം,
    നേരിട്ട് വിളിച്ച് സംസാരിച്ചതിലും അഭിപ്രായങ്ങള്‍ എഴുതിയതിനുന്‍ നന്ദി. ഞാന്‍ മാണിക്യം എഴുതിയ പോസ്റ്റുകളെല്ലാം വായിച്ചു കൊണ്ടിരിക്കുകയാണ്. സമയക്കുറവ് ഉണ്ട്. മിത്രത്തിന്റെ വെബ് സൈറ്റ് സന്ദര്‍ശിച്ച് കാണും എന്ന് കരുതുന്നു

    ReplyDelete
  9. സുനില്‍ കൃഷ്ണന്‍,
    നല്ല വാക്കുകള്‍ക്കും അഭിനന്ദനത്തിനും നന്ദി. ശരിക്കും നിങ്ങളെല്ലാവരോടും ആശയ വിനിമയം നടത്തുമ്പോള്‍ വളരെ ഏറെ മാനസികോല്ലാസം തോന്നുന്നു. ഇനി ഗ്രീഷ്മ സുനിലിനെ “ കാണുമ്പോള്‍“ തീര്‍ച്ചയായും അവള്‍ തിരിച്ചറിയും.

    ReplyDelete
  10. മണിസാർ,

    സാറിന്റെ ഈ പോസ്റ്റ് ‘ചിന്ത ‘അഗ്രിഗേറ്ററിൽ വന്നില്ല.അതുപോലെ ‘മറുമൊഴി”യിലും വന്നില്ല എന്ന് തോന്നുന്നു.ഒന്നു ശ്രദ്ധിയ്ക്കുമല്ലോ..ഇത്തരം പോസ്റ്റുകൾ ആൾക്കാർ കാണാതെ പോകരുത് എന്ന് ആശയുള്ളതുകൊണ്ട് പറഞ്ഞതാണ്.

    ReplyDelete
  11. വിശ്വപ്രഭ,
    പ്രചോദനം തരുന്ന വാക്കുകള്‍ക്ക് നന്ദി. താങ്കള്‍ എന്നിലര്‍പ്പിച്ച പ്രതീക്ഷകള്‍ നിറവേറ്റാന്‍ ഞാന്‍ ആത്മാര്‍ഥമായി ശ്രമിക്കും. അല്പം സമയം കൂടുതല്‍ എടുത്താല്‍ ക്ഷമിക്കുമെന്ന് വിശ്വസിക്കട്ടെ.

    കരിപ്പാറ സുനിലിനെ, ഷിജു അലെക്സിനെ, ജോസഫ് അംബൂരിയെയും, സീയെസ്സിനെയും പരിചയപ്പെടുത്തിയതിനു നന്ദി. കരീപ്പാറ സുനിലിനെ മാത്രമേ എനിക്കറിയൂ. മറ്റുള്ളവരെയും സമയം കിട്ടുന്നതിനനുസരിച്ച് വായിക്കാം.
    ...സമൃദ്ധമായിരുന്ന നാട്ടിൻപുറത്തിന്റെ നന്മ മുഴുവൻ തിരിച്ചുവന്നു് നഗരങ്ങളുടെ പ്ലാസ്റ്റിൿ

    മിനുപ്പുകളെ മുഴുവൻ ലജ്ജിപ്പിക്കുന്ന ഒരു നാൾ. തികച്ചും പരിഹാസ്യമെന്നോണം അപ്രായോഗികമായി ഇന്നുതോന്നിയേക്കാവുന്ന ഒരു നാൾ!.....

    ഇക്കാര്യത്തില്‍ താല്പര്യമുള്ളവരെ ഒരുമിപ്പിച്ചാല്‍ പലതും നടപ്പിലാക്കാന്‍ കഴിയുമെന്ന് ഞാനും
    വിശ്വസിക്കുന്നു.
    (ചാറ്റില്‍ വരികയാണെങ്കില്‍ ഇതെ പറ്റി വിശദമായി ചര്‍ച്ച ചെയ്യാം)

    ReplyDelete
  12. സർ,
    സാറിനേപ്പോലൊരു വലിയ മനുഷ്യനെ അങ്ങോട്ടുവന്ന് പരിചയപ്പെടാൻ മടി കാണിച്ച എന്റെ വിവരക്കേടിനെ ഓർത്ത് ലജ്ജിക്കാനേ എനിയ്ക്കു കഴിയൂ....അന്ന് നിങ്ങൾ രണ്ടുപേരും എന്റെ അടുത്തുവന്ന് സംസാരിച്ചപ്പോഴാണ് എന്റെ വിവരക്കേട് എനിയ്ക്ക് ബോധ്യമായത്....

    ReplyDelete
  13. ഗീത്,
    ജീവിതം അവസാനിപ്പിക്കാന്‍ എളുപ്പമാണെന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു. പക്ഷെ അങ്ങനെ തോറ്റ് പിന്മാറാന്‍ ഞാന്‍ ഒരുക്കമല്ല. തിക്താനുഭവങ്ങള്‍ക്കിടയിലും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത് ആത്മ വിശ്വാസവും മനക്കരുത്തും ഉള്ളതുകൊണ്ടാണ്.
    ആശംസകള്‍ക്കും പരിഗണനക്കും നന്ദി.

    കിച്ചു,
    ചെറായില്‍ വച്ചു കണ്ടപ്പോള്‍ എന്നെയും ഷീലയേയും വളരെ ആകര്‍ഷിച്ച വ്യക്തിയാണ് കിച്ചു. പണ്ടെങ്ങോ കണ്ട് പരിചയിച്ച മുഖം പോലെ തോന്നി. പിന്നീടാലോചിച്ചപ്പോള്‍, ബിനു പോള്‍ എന്ന എന്റെ ഒരു വിദ്യാര്‍ഥിനിയെ ഓര്‍മവന്നു. ബി. ടെക്ക് ഒന്നാം റാങ്കു കാരിയായിരുന്നു ആ കുട്ടി. (ഇപ്പോള്‍ ഡോ. ബിനു പോള്‍, കുസാറ്റില്‍ അദ്ധ്യാപിക). ബിനു പോളിനോട് അടുത്ത് നില്‍ക്കുന്ന ശരീര ഭാഷയും, സംസാര ശൈലിയും മുഖഭാവവും ആണ് കിച്ചുവിന്. കിച്ചുവിനയും മക്കളെയും ഗ്രീഷ്മയ്ക്ക് വളരെ ഇഷ്ടമായി. എന്നെങ്കിലും കളമശ്ശേരി വഴി യാത്ര ചെയ്യുകയാണെങ്കില്‍ വീ‍ട്ടില്‍ വരണം.

    ReplyDelete
  14. Sunil Kirshnan,
    ഈ പോസ്റ്റ് ‘ചിന്ത ‘അഗ്രിഗേറ്ററിൽ വന്നില്ല.
    Let me know how to do it. My net connecton ( WLL) IS TOO SLOW AND intermittend, So facing problems to post replies.

    ReplyDelete
  15. എനിക്ക് ഒരു മെയിൽ അയക്കാമോ? അപ്പോൾ വിശദമായി പറയാം..sunil080671@gmail.com

    സാറിന്റെ മെയിൽ ഐ.ഡി അറിയില്ലാത്തതു കൊണ്ടാണ്

    ReplyDelete
  16. പുതുതായി തുടങ്ങുന്ന ഒരു ബ്ലോഗ് ആദ്യമൊന്നും അഗ്രിഗേറ്ററിൽ സ്വയമേവ വന്നില്ലെന്നു വരും. പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. രണ്ടുമൂന്നുപോസ്റ്റുകൾ ഉടനുടൻ പ്രസിദ്ധീകരിക്കുകയാണു് ഏറ്റവും എളുപ്പമുള്ള വഴി.

    ReplyDelete
  17. അങ്ങനെ അല്ല വിശ്വപ്രഭാ...paul@chintha.com എന്ന മെയിൽ ഐ.ഡിയിൽ പുതിയ ബ്ലോഗിന്റെ URL അയച്ചു കൊടുക്കുക.അപ്പോൾ ചിന്തയിലെ നമ്മുടെ ബ്ലോഗിന്റെ പ്രൊഫൈൽ പേജിന്റെ URL അവർ അയച്ചു തരും.അതിനു ശേഷം ഓരോ പോസ്റ്റ് ഇട്ടതിനു ശേഷവും ആ പ്രൊഫൈൽ പേജിൽ പോയി refresh feed എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ പുതിയ പോസ്റ്റ് ആ നിമിഷം തന്നെ ചിന്ത അഗ്രിഗേറ്ററിൽ വന്നിരിയ്കും.

    ReplyDelete
  18. പ്രിയ അനില്‍@ബ്ലോഗ്ഗ്,
    താങ്കളുമായി കൂടുതല്‍ സംസാരിക്കണമെന്നുണ്ട്. ചേര്‍ത്തല വഴി യാത്രചെയ്യുമ്പോള്‍ കോളേജില്‍ വരാന്‍ സൌകര്യമാവും എന്നു കരുതുന്നു.
    താങ്കള്‍ ഒരു എഞ്ചിനീയര്‍ ആണെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ബഹുമാനം തോന്നുന്നു. സാങ്കേതികകാര്യങ്ങളില്‍ താങ്കളെ പ്പോലുള്ളവര്‍ കാണിക്കുന്ന അത്മാര്‍ഥത എഞ്ചിനായറന്മാരാക്കി ഞങ്ങള്‍ പുറത്തേക്കു വരുന്നവരില്‍ പോലും വിരളമായേ കാണാറുള്ളു.

    ബിന്ദു കെ പി,
    ലജ്ജിക്കാനൊന്നുമില്ല. അന്ന് ഞാന്‍ പരിചയപ്പെടേണ്ടിയിരുന്ന പലരേയും എനിക്കും പരിചയപ്പെടാന്‍ കഴിഞ്ഞില്ല.പിന്നെ ബ്ലോഗില്‍ ഞാന്‍ ഒന്നും തന്നെ സംഭാവന ചെയ്തിട്ടുമില്ലല്ലോ. ബിന്ദു വാകട്ടെ വളരെ ഏറെ കൊതിയൂറൂന്ന പോസ്റ്റുകള്‍ എഴുതി സമ്പുഷ്ടമാക്കിയിരിക്കുന്നു. ഇനി പുത്തന്‍ വേലിക്കര വരുമ്പോള്‍ ബിന്ദുവിന്റെ കൈപ്പുണ്യവും ഭക്ഷണത്തിന്റെ രുചിയും ആസ്വദിക്കണം എന്നുണ്ട്.

    ReplyDelete
  19. മണി ചേട്ടാ ,
    അനുഭവങ്ങള്‍ ഒരാളുടെ ഭാഷയെ കരുത്തുറ്റതാക്കും , സര്‍ഗാത്മകം ആയ ഒരു മനസ്സ് എഴുത്തിനെ ഹൃദ്യവും.
    ഈ രണ്ടും താങ്കളുടെ ഈ പോസ്റ്റില്‍ ഞാന്‍ അനുഭവിച്ചറിയുന്നു ,
    സ്നേഹത്തോടെ
    ഒരു അനിയന്‍

    ReplyDelete
  20. ഞാനിന്നാ‍ണിതു കണ്ടതു്. അന്നു സാറിനെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നുന്നു. ഇനി ആ വഴി പോകുമ്പോള്‍ വരാന്‍ നോക്കാം.

    ReplyDelete
  21. തീർച്ചയായും സർ, ഇനി പുത്തൻ‌വേലിക്കര വരുമ്പോൾ എന്തായാലും എന്നെ വിളിയ്ക്കണം...
    എനിയ്ക്കൊരു മെയിൽ അയയ്ക്കൂ...
    bindukp2008@gmail.com
    സാറിന്റെ മെയിൽ ഐഡി പ്രൊഫൈലിൽ കണ്ടില്ല. അതാണ്...

    ReplyDelete
  22. മീറ്റിന് വരാന്‍ സാധിയ്ക്കാതിരുന്ന എന്നെപ്പോലുള്ളവര്‍ക്ക് താങ്കളെയും ഗ്രീഷ്മയെയും പറ്റി കൂടുതല്‍ മനസ്സിലാക്കാനായത് സുനില്‍ മാഷിന്റെ പോസ്റ്റില്‍ നിന്നാണ്.

    ഇപ്പോള്‍ ഗ്രീഷ്മയ്ക്കു വേണ്ടി ഇങ്ങനെ ഒരു പോസ്റ്റ് തുടങ്ങിയത് വളരെ നന്നായി. നിങ്ങള്‍ മൂന്നു പേര്‍ക്കും എല്ലാ നന്മകളും നേരുന്നു.

    ReplyDelete
  23. മണിസാര്‍ -

    എന്നെ അറിയില്ല, ഞാനൊരു ബ്ലോഗറല്ല, എങ്കിലും നല്ല ബ്ലോഗുകള്‍, നല്ല പോസ്റ്റുകളൊക്കെ വായിക്കാറുണ്ട്.

    സാറിന്റെ ഭാഷക്ക് മനസിനെ സ്പര്‍ശിക്കുന്ന തീവ്രതയാണ്. ചിലപ്പോള്‍ ജിവിതത്തിന്റെ ഏടുകളില്‍ നിന്നും എടുത്തെഴുതുന്നവയായതുകോണ്ടാവും ഇത്രയേറെ ഹൃദയസ്പര്‍ശിയാവുന്നത്.

    കാണാതെയും മിണ്ടാതെയും മനസില്‍ പതിഞ്ഞ ഗ്രീഷ്മ മോള്‍ക്ക് എന്റെ സ്നേഹാന്വേഷണങ്ങള്‍, സാറിന് എന്റെ കൂപ്പുകൈ!

    - സസ്നേഹം, സന്ധ്യ

    ReplyDelete
  24. അനിയാ ഫൈസല്‍,
    അഭിപ്രായം ഏഴുതിയതിനു നന്ദി. ജബ്ബാര്‍ മാഷു മായുള്ള സംവാദം മുതല്‍ ഫൈസലിനെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

    എഴുത്തു കാരി,
    നന്ദി. തീര്‍ച്ചയായും വരണം

    ശ്രീ,
    എല്ലാവരുടെയും പ്രോത്സാഹനം ഇനിയും ഗ്രീഷ്മയെക്കുറിച്ചു പോസ്റ്റ്കള്‍ എഴുതാന്‍ പ്രൊചോദനം തരുന്നു.. നന്ദി

    പ്രിയ സന്ധ്യ,
    നന്ദി. ഞാന്‍ മുന്‍പും ഗ്രീഷ്മയെ പറ്റി പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. എന്നാല്‍ അവയ്ക്കൊന്നിനും ഇത്രയധികം കമന്റ്റുകള്‍ കിട്ടിയിട്ടില്ല. സുനിലിനാണ് ഞാന്‍ നന്ദി പറയേണ്ടത്. ഗ്രീഷ്മയെ സ്നേഹിക്കാനും, അവളുടെ നന്മ ആഗ്രഹിക്കാനും വളരെ അധികം നല്ല ആളുകള്‍ ഉണ്ടെന്നറിയുന്നതില്‍ അതിയായ സന്തോഷവും സംതൃപ്തിയും തോന്നുന്നു.
    sunil, the blog is now available with chintha.com. Thanks for your help

    ReplyDelete
  25. ഗ്രീഷ്മ മോളെ സ്നെഹാന്വേഷ്ണം അറിയിക്കുക, അങ്ങ് ഒത്തിരി ദൂരെ നിന്നും ഒരു ജേഷ്ഠന്‍,

    ReplyDelete
  26. സാറിനെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം. വീണ്ടും കാണാം എന്നു തന്നെ കരുതുന്നു.

    ReplyDelete
  27. സാര്‍ ...
    അന്നത്തെ തിരക്കുകള്‍ക്കിടയില്‍ അധികനേരം സംസാരിക്കാന്‍ പറ്റിയില്ല. തേജസ്സുമായി സാറ് സംസാരിക്കുമ്പോള്‍ ഞാനല്‍പ്പം പുറകോട്ട് മാറി നിന്നത് മനപ്പൂര്‍വ്വമാണ്. സാറിനെപ്പോലുള്ളവരുടെ സമയം കൂടുതല്‍ അവനെപ്പോലുള്ള വിദാര്‍ത്ഥികള്‍ക്കാണല്ലോ പ്രയോജനപ്പെടേണ്ടത് ?
    ചേര്‍ത്തല വഴി വരുമ്പോള്‍ ഞാന്‍ അപ്രതീക്ഷിതമായി കയറിവന്നെന്നിരിക്കും. എറണാകുളത്ത് വരുമ്പോള്‍ എന്റടുത്തും കയറാന്‍ ശ്രമിക്കുമല്ലോ ?

    സസ്നേഹം
    -നിരക്ഷരന്‍
    (അന്നും, ഇന്നു, എപ്പോഴും)

    ReplyDelete
  28. ക്കാം.നന്ദി, ബാല. വീണ്ടും സന്ദര്‍ശിക്കുമെന്ന് കരുതുന്നു.
    മണി കണ്ഠന്‍, അന്ന് കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല.ഇനി കാണുംപോള്‍ വിശദമായി സംസാരിക്കാമെന്ന് കരുതുന്നു.
    നിരക്ഷരനു ഞാന്‍ ഒരു കത്ത് അയച്ചിട്ടുണ്ട്.

    വായിക്കുകയും, അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി.

    ReplyDelete