ജാലകം

Saturday, August 8, 2009

ഗ്രീഷ്മയുടെ സായന്തനങ്ങള്‍

ഗ്രീഷ്മയുടെ ജീവിതം തുടക്കം മുതല്‍ തന്നെ ശബ്ദ സാന്ദ്രമായിരുന്നു. അവളെ “പാട്ടിലാക്കാന്‍ “ വാര്‍ത്തകള്‍, സംഭാഷണം, ഉപകരണ സംഗീതം, പാട്ടുകള്‍, കവിതകള്‍ തുടങ്ങിയവ എല്ലാം ഞങ്ങള്‍ ഉപയോഗിച്ചു. കവിതകള്‍ ആയിരുന്നു അവള്‍ക്കേറ്റവും ഇഷ്ടം. ആദ്യകാലങ്ങളില്‍ കാസറ്റുകള്‍ പ്ലേ ചെയ്ത് കേള്‍പ്പിച്ചു.

അവള്‍ക്കിഷ്ടപ്പെട്ടതെല്ലാം വീണ്ടും വീണ്ടും പ്ലേ ചെയ്യേണ്ടിവന്നതു കൊണ്ട് കാസറ്റുകളുടെ ആയുസ്സ് കുറവായിരുന്നു. സി ഡി യുടെയും എം പി ത്രീ യുടെയും വരവോടെ സംഗതി എളുപ്പമായി. ഒരു സി ഡി യില്‍ തന്നെ നൂറിലധികം പാട്ടുകള്‍ ശേഖരിച്ച് വയ്ക്കാം. ആദ്യമാദ്യം ഈ ശേഖരത്തില്‍ നിന്നും അവള്‍ക്കാവശ്യപ്പെട്ട ഗാനങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രയാസമായിരുന്നു. എന്നാല്‍ പാട്ടുകള്‍ക്ക് ക്രമ നമ്പര്‍ ഇടുകയും ആ ക്രമ നമ്പര്‍ അവള്‍ ഓര്‍ത്തിരിക്കുകയും ചെയ്തപ്പോള്‍ സംഗതികല്‍ എളുപ്പമായി. “ അച്ഛാ, ആ പന്ത്രണ്ടാമത്തെ പാട്ടൊന്നു വച്ചു താ” എന്നു പറഞ്ഞാല്‍ അത് ചെയ്യാന്‍ വളരെ എളുപ്പം ആണല്ലോ.

സ്വകാര്യ എഫ് എം റേഡിയോകള്‍ നിലവില്‍ വരികയും, ഗ്രീഷ്മയുടെ വിജ്ഞാന ചക്രവാളം വികസിക്കുകയും ചെയ്തതോടെ, വാര്‍ത്തകളും, അഭിമുഖങ്ങളും, മറ്റും അവള്‍ കേള്‍ക്കാന്‍ തുടങ്ങി.
"അഛാ ആ നയന്റി വണ്‍ പോയിന്റ് നയന്‍ ", "അല്ല്ലെങ്കില്‍ വണ്‍നോട് ടു പോയിന്റ് ത്രീ" വച്ചു താ എന്നൊക്കെ യാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. എല്ലാ ആര്‍ ജേ മാരേയും അവള്‍ക്കറിയാം.

ഗ്രീഷ്മയുടെ ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാം ആണ് ജോയ് ആലുക്കാസിന്റെ "ഹലോ ജോയ് ആലുക്കാസും", ജോയ് ആലുക്കാസ് "സായന്തനവും". വൈകീട്ട് 5 മണിക്കാണ് സായന്തനം ആരംഭിക്കുന്നത്. ശ്രോതാക്കാളുടെ കത്തുകള്‍ വായിച്ച് അഭിപ്രായം പറയുന്ന രീതിയാണ് സായന്തനത്തില്‍ അവലംബിക്കുന്നത്. കൊച്ചി എഫ് എം ല്‍ ഈ പരിപാടി ആരംഭിച്ചതു (3 വര്‍ഷങ്ങള്‍ക്ക് മുന്നെ) മുതല്‍ സ്ഥിരം ശ്രോതാവാണവള്‍. അവളുടെ ഭാവനയില്‍ വിരിയുന്ന കത്തുകള്‍ സായന്തനത്തിലേക്ക് സ്വയം വായിക്കാന്‍ ശ്രമിച്ചത് മനസ്സിലാക്കിയപ്പോള്‍ അവള്‍ക്ക് വേണ്ടി ഞാന്‍ സായന്തനത്തിലേക്ക് കത്തുകള്‍ എഴുതാന്‍ തുടങ്ങി. അതവള്‍ റേഡിയോവിലൂടേ കേള്‍ക്കുമ്പോള്‍ അനുഭവിക്കുന്ന സന്തോഷവും ആവേശവും ഒന്ന് കാണേണ്ടതു തന്നെ യാണ്. അത്തരം ഒരു പ്രോഗ്രാമിന്റെ ശബ്ദ രേഖ ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഈ പരിപാടി അവതരിപ്പിക്കുന്നത് സലിന്‍ മാങ്കുഴി (നോട്ടം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത്) യും ചലച്ചിത്ര പിന്നണി ഗായിക ആശാലതയുമാണ്. ഈ പ്രോഗ്രാമിന്റെ ജീവ നാഡിയും, ശ്രോതാക്കളുടെ ആരാധനാപാത്രവുമായ ആശാലതയുടെ അവതരണരീതി അതീവ ഹൃദ്യമാണ്. ജോയ് ആലുക്കാസിന്റെ ഈ പ്രോഗ്രാം വലിയ ഒരു ഹിറ്റ് ആണ്. ജോയ് ആലുക്കാസിന്റെ ഈ പ്രോഗ്രാം ഇന്റര്‍നെറ്റിലൂടെയും കേള്‍ക്കാന്‍ കഴിയും. ഇപ്പോള്‍ തിരുവനന്തപുരത്തുനിന്നും അനന്തപുരി എഫ് എമ്മി ലും ഈ പ്രോഗ്രാം ഉണ്ട്.
ഇനി കേള്‍ക്കൂ:




മുകളിലെ പ്ലേയര്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് പലരും കമന്റ് ചെയ്തു.
ഈ ഫയല്‍ ഡൌണ്‍ ലോഡ് ചെയ്ത് കേള്‍ക്കാന്‍ കഴിയും. http://sites.google.com/site/manithundiyil/home/grisma/Greeshmassyanthanam.mp3

14 comments:

  1. മാഷെ,
    ഗ്രീഷ്മയുടെ വിശേഷങ്ങള്‍ വായിച്ചും കേട്ടും അറിഞ്ഞു.....

    മണിമാഷിന്റെയുള്ളിലെ സ്നേഹസമ്പന്നനായ അച്ഛന് എന്റെ വിനീതമായ കൂപ്പുകൈ....

    ReplyDelete
  2. മാഷെ,
    പ്ലയര്‍ വര്‍ക്ക് ചെയ്യുന്നില്ലല്ലോ.
    എന്റെ മാ‍ത്രം പ്രശ്നമാണോ അവോ.

    എല്ലാവര്‍ക്കും ആശംസകള്‍.

    ReplyDelete
  3. അനില്‍, എന്റെ കമ്പ്യൂട്ടറില്‍ അത് പ്ലേ ചെയ്യുന്നുണ്ട്.
    മറ്റുള്ളവരുടെയും കുടി അനുഭവം അറിയട്ടെ.
    ഏതാണ് OS?

    ReplyDelete
  4. മാഷെ,
    ഒരേ പ്ലയര്‍ തന്നെ ചില സന്ദര്‍ഭങ്ങളില്‍ വര്‍ക്കു ചെയ്യാതെ വരാറുണ്ട്, ഇതില്‍.
    ഏതായാലും
    http://sites.google.com/site/manithundiyil/home/grisma/Greeshmassyanthanam.mp3 എന്ന ഫയല്‍ ഡൌണ്‍ലോഡി കേട്ടു.
    ഹൃദയത്തെതൊടുന്ന രീതിയില്‍ ഗ്രീഷ്മയെ വരച്ചു വച്ചിരിക്കുന്നു മാഷെ ആ വാക്കുകളില്‍. അത്ര തന്നെ ഗൌരവം വായനക്ക് അവതാരകര്‍ കൊടുത്തിരിക്കുന്നു.
    എല്ലാവരും പറഞ്ഞ വാക്കുകള്‍ ഒന്നൂടെ ആവര്‍ത്തിക്കട്ടെ, ഗ്രീഷ്മയും അച്ചനും അമ്മയും എല്ലാവര്‍ക്കും മാതൃകയാവട്ടെ.

    ReplyDelete
  5. നന്ദി സർ, ഗ്രീഷ്മ എന്നെന്നും സന്തോഷവതിയായിരിയ്ക്കട്ടെ.....

    ReplyDelete
  6. സാർ,

    എനിക്കും കിട്ടുന്നില്ല ‍ആ ശബ്ദ രേഖ
    അനിലേ ..അതൊന്ന് മെയിലിൽ ഇട്ടേക്കൂ..

    പതിവുപോലെ അളന്നു തൂക്കിയ വാക്കുകളിൽ എല്ലാ അർത്ഥങ്ങളും നിറച്ച പോസ്റ്റ്...നന്ദി!

    ReplyDelete
  7. "കടുകു വറുത്ത പാട്ടുകള്‍"
    ഗ്രീഷ്മയുടെ നല്ലോരു പ്രയോഗം...
    മണിസാറിന്റെ വാക്കുകളിലൂടെ ഗ്രീഷ്മയുടെ അടുത്തെത്തി...
    റേഡിയോയില്‍ ഇത്തരം പരിപാടികള്‍ വരുന്നത് എത്ര നല്ലത് എന്നു തോന്നി..
    അനില്‍ തന്ന ലിങ്ക് വര്‍ക്ക് ചെയ്യുന്നുണ്ട്....
    ഗ്രീഷ്മയ്ക്ക് പ്രത്യേകം സ്നേഹാന്വേഷണങ്ങള്‍...

    ReplyDelete
  8. എനിക്കും കേള്‍ക്കാന്‍ പറ്റിയില്ല. മാഷേ എനിക്കു വല്ല്ലാതെ ബഹുമാനവും സ്നേഹവുമൊക്കെ തോന്നുന്നു നിങ്ങളോട് (ഗ്രീഷ്മക്കുട്ടിയുടെ അഛനോടും അമ്മയോടും). ഞാനും പലപ്പോഴും കേട്ടിട്ടുണ്ട് ഈ പരിപാടി.

    ReplyDelete
  9. മണി സാര്‍.,ഗ്രീഷ്മയുടെ ലോകമിന്നാണു കാണാനിടയായത്.ഗ്രീഷ്മക്കായി ഇങ്ങനെയൊരു ലോകം തുറന്നു കൊടുത്ത ഈ അച്ഛനുമമ്മയും തന്നെയാണു ആ മോള്‍ക്ക് ഈശ്വരനേകിയ ഏറ്റവും നല്ല സമ്മാനം.എല്ലാ നന്മകളും..

    ReplyDelete
  10. മണി മാഷേ,
    കണ്ടു, കേട്ടു. ഗ്രീഷ്മക്കുട്ടിയ്ക്കുവേണ്ടി, ഇത്ര നല്ല ഒരു വിരുന്നൊരുക്കിയ സായന്തനത്തിന്റെ അവതാരകരോടും ബഹുമാനം തോന്നി. ഗ്രീഷ്മമോളുടെ ഭാഗ്യം അവളുടെ അച്ഛനും അമ്മയും ഏട്ടനുമാണെന്ന് ചെറായിയിൽ വച്ച് പരിചയപ്പെട്ടപ്പോഴേ തോന്നി.ഞാൻ കിട്ടിയ സമയം ഗ്രീഷ്മമോളെ ചുറ്റിപ്പറ്റിനിന്ന് അവളുമായി കിന്നാരം പറഞ്ഞു. മീറ്റിൽ എല്ലാവരും പറഞ്ഞത് പൂർണ്ണമായും ശ്രദ്ധിച്ച്, ചിലതിനൊക്കെ കൈയ്യോടെ പ്രതികരിച്ചതും ഗ്രീഷ്മമോളായിരുന്നു.
    നന്ദി മാഷേ......എപ്പോഴെങ്കിലും വിളിച്ചിട്ട് ഞാൻ അതുവഴി വരും. എനിയ്ക്കാ മോളെ ഇനിയും കാണണം.

    ReplyDelete
  11. ഗ്രീഷ്മക്കു ചുറ്റുമായി തിരിയുന്ന ഒരു വലിയ ലോകം, മണിസറിന്റെ വാക്കുകളിലൂടെ, ഓഡിയോയിലൂടെ കണ്ടു.. അറിഞ്ഞു.
    കിച്ചനെ കാണാൻ ഇനിയിപ്പൊ ഞാനങ്ങു വന്നാൽ മതിയല്ലോ ! ഉറപ്പായിട്ടും അവിടെ ഉണ്ടാകും

    ReplyDelete
  12. അനിൽ@ബ്ലൊഗ്,
    ബിന്ദു കെ പി ,
    സുനിൽ കൃഷ്ണൻ,
    മാണിക്യം,
    എഴുത്തുകാരി,
    Rare Rose,
    ലതി,
    lakshmy,
    ഗ്രീഷ്മയെ സ്നേഹിക്കുന്ന, ഈ പൊസ്റ്റ് വായിച്ച എല്ലാവര്‍ക്കും നന്ദി.
    ഗ്രീഷ്മക്ക് വളരെ സന്തോഷം ആയി (ഞങ്ങള്‍ക്കും). എല്ലവരെയും ഗ്രീഷ്മയുടെ സ്നേഹാദരങ്ങള്‍ അറിയിക്കട്ടെ.
    ഓഡിയോ പ്ലേയര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല എന്ന് മനസ്സിലായി. അതില്‍ ഖേദിക്കുന്നു.
    ഈ ഫയല്‍ http://sites.google.com/site/manithundiyil/home/grisma/Greeshmassyanthanam.mp3 ഡൌണ്‍ ലോഡ് ചെയ്താല്‍ കേള്‍ക്കാവുന്നതാണ്. പോസ്റ്റില്‍ ഇത് എഡിറ്റ് ചെയ്ത് ചേര്‍ക്കുന്ന്ണ്ട്.
    എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

    ReplyDelete
  13. ഈ പോസ്റ്റ് ഇപ്പോഴാണു കണ്ടത്...
    FM വര്‍ക്കു ചെയ്യുന്നുണ്ടല്ലോ...

    ReplyDelete