ജാലകം

Monday, September 5, 2011

su DO Ku

സാമൂഹ്യ സുരക്ഷാ മിഷന്റെ മെഡിക്കല്‍ ക്യാമ്പ് കളമശ്ശേരി ഗവ. സ്ക്കൂളില്‍. പുതിയ സര്‍ട്ടിഫിക്കറ്റിനും ഐഡന്റിറ്റി കാര്‍ഡിനുമായി ഗ്രീഷ്മയെ പരിശോധനക്കായി കൊണ്ടു പോയി. വികലാംഗരും, ബുദ്ധിമാന്ദ്യവും അന്ധത ബാധിച്ചവരും അവരുടെ ബന്ധുക്കളുമൊക്കെ ക്കൂടി സാമാന്യം നല്ല തെരക്കുണ്ടായിരുന്നു. സേവന സന്നദ്ധരായ സ്ക്കൂള്‍ അദ്ധ്യാപികമാര്‍ എല്ലാവരേയും സഹായിക്കാന്‍ ഓടി നടക്കുന്നു. ഗ്രീഷ്മയെ ആദ്യം കണ്ണൂ പരിശോധനക്കാണ് കൊണ്ട് പോയത്. നൂറൂ ശതമാനവും അന്ധയാണെന്നു പറഞ്ഞിട്ട് പരിശോധിക്കുന്ന ലാബ് ടെക്കിക്ക് വിശ്വാസമായില്ല. കറുത്ത ഒറ്റച്ചില്ലുള്ള കണ്ണട വച്ചുകൊടുത്തിട്ട് ഗ്രീഷ്മയോടൊരു ചോദ്യം: “ഇപ്പോ ഇരുട്ടാണോ കാണുന്നത്?“ ഇരുട്ട് അറിയണമെങ്കില്‍ വെളിച്ചം എന്തെന്നറിയണമല്ലോ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആ കുട്ടി, ഏതായാലും മെഡിക്കല്‍ ബോര്‍ഡില്‍ കാണിക്ക് എന്ന് പറഞ്ഞ് പരിശോധനാക്കടലാസില്‍ എന്തൊക്കെയോ എഴുതി തിരിച്ച് തന്നു.
മെഡിക്കല്‍ ബോര്‍ഡില്‍ കണ്ണട വച്ച് ഹിന്ദു പത്രം വായിച്ച് കൊണ്ടിരുന്നത്, കണ്ണിന്റെ ഡോക്റ്റര്‍. പത്രത്തിലെ SUDOKU കോളത്തില്‍ ആമഗ്നനായിരുന്നത് സൈക്കോളജിസ്റ്റ്. നിസ്സംഗതാ ഭാവത്തോടെ ബോര്‍ഡ് ചെയര്‍മാന്‍- അല്ല, ചെയര്‍ പേഴ്സണ്‍. ഓര്‍ത്തോ വിഭാഗം ഡൊ. ഒരു കൊച്ചു പയ്യന്‍. അദ്ദേഹം മാത്രം വളരെ ശുഷ്ക്കാന്തിയോടെ “രോഗികളെ“ പരിശോധിക്കുന്നുണ്ട്. കണ്ണിന്റെ ഡോക്റ്റര്‍ പത്രത്തില്‍ നിന്നും മടിയോടെ കണ്ണെടുത്ത് ഗ്രീഷ്മയെ പരിശോധിച്ച് ഒപ്പിട്ട് തന്നു. വലതു കൈകൊണ്ട് സുഡോക്കു പൂരിപ്പിക്കുന്ന സൈക്കാട്രിസ്റ്റ് ഇടത്ത് കൈ കൊണ്ട് ഫോമില്‍ സീല്‍ അടിച്ചു തന്നു.
നന്ദി പറയുമ്പോള്‍ സൈക്യാട്രിസ്റ്റ് പറഞ്ഞു, “സന്തോഷമായില്ലേ- 100 പെര്‍സെന്റ് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റാ ഞാന്‍ എഴുതിയിരിക്കുന്നേ“
അതുകേട്ട് എന്താണു പ്രതികരിക്കേണ്ടതെന്നറിയാതെ നിന്നപ്പോള്‍, വീണ്ടും കേട്ടു
“ നൂറില്‍ കൂടുതല്‍ തരാന്‍ എനിക്ക് പറ്റില്ലാട്ടോ”
അദ്ദേഹം പറഞ്ഞത് ഒരു വലിയ തമാശയായതുകൊണ്ടാവാം ബൊര്‍ഡംഗങ്ങള്‍ ചിരിച്ചത്.

2 comments:

  1. പത്രം ‘വായിക്കുന്ന’ അന്ധനായ കണ്ണുവൈദ്യനേക്കാളും,
    സുഡോക്കുവിൽ നിന്നും കൈയെടുക്കാനാവാത്ത സൈക്കോളജിസ്റ്റിനേക്കാളും
    ആകെ തളർവാതം വന്ന ചെയർ പേർസനേക്കാളും
    ഒട്ടും ഡിസേബിലിറ്റി കൂടുതലല്ല മോൾക്ക്.
    100ൽ കൂടുതൽ റേറ്റിങ്ങ് കിട്ടാത്തതിൽ അങ്ങനെയെങ്കിലും നമുക്കു സമാധാനിക്കാം.

    :(

    ReplyDelete
  2. മറ്റുള്ളവർക്കുള്ള വേദനയുടെ ആഴം എപ്പോഴാണാവോ ഇവർ മനസ്സിലാക്കുക.

    ReplyDelete